പാലക്കാട്: കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നു ലോക്‌സഭയിലേക്കു പോയതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ പ്രാഥമിക പട്ടികയില്‍ നാലു പേര്‍. തിരഞ്ഞെടുപ്പ് അടുത്ത മാസാവസാനം ഉണ്ടാവും എന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി തയ്യാറെടുപ്പുകള്‍ മുന്നോട്ടു നില്‍ക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ്. പാലക്കാട് മൂന്നാം സ്ഥാനത്താണ്. ഇത്തവണയും സി.പി.എം. പ്രധാന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നും ബി.ജെ.പിയെ തോല്പിക്കാന്‍ കോണ്‍ഗ്രസ്സിനു വോട്ടുമറിക്കുമെന്നുമൊക്കെ ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെ ഉയര്‍ത്തിവിടുന്നുണ്ട്. എന്നാല്‍, ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണം എന്നു തന്നെയാണ് സി.പി.എം. തീരുമാനം.
മുന്‍ എം.എല്‍.എ. ടി.കെ.നൗഷാദ്, ഡി.വൈ.എഫ്.ഐ. ജില്ലാ നേതാവ് സഫ്ദര്‍ ഷെരീഫ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നത്. 1996ല്‍ പാലക്കാട് നിന്നുള്ള എം.എല്‍.എ. ആയിരുന്ന നൗഷാദ് 2001ല്‍ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവ് കെ.ശങ്കരനാരായണനോടാണ് പരാജയപ്പെട്ടത്. യുവനേതാവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഡി.വൈ.എഫ്.ഐയില്‍ നിന്നുള്ള സഫ്ദര്‍ ഷെരീഫോ വി.വസീഫോ വരാം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വരികയാണെങ്കില്‍ എതിരിടാന്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റിനെ തന്നെ സി.പി.എം. രംഗത്തിറക്കാനാണ് സാദ്ധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ഭരണ -പ്രതിപക്ഷ യുവജന സംഘടനകളുടെ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടും. വനിത എന്ന നിലയിലാണ് ബിനുമോള്‍ പരിഗണിക്കപ്പെടുന്നത്.