തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോൺഗ്രസ്സിലെ അഡ്വ.സി.കെ.ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണ് ജസ്റ്റീസ് എൻ.നഗരേഷ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. പ്രസിഡന്റും ഡയറക്ടർമാരും സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല സ്റ്റേ.
Follow the FOURTH PILLAR LIVE channel on WhatsApp
കാർഷിക വികസന ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സെപ്റ്റംബർ 30നാണ് സർക്കാർ പിരിച്ചുവിട്ടത്. സെപ്റ്റംബർ 28നു ചേർന്ന ബാങ്കിന്റെ പൊതുയോഗം അലങ്കോലമായതിനെത്തുടർന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഭരണപ്രതിസന്ധിയുണ്ടെന്നു കാണിച്ചാണ് ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടത്. നിലവിലുള്ള ഡയറക്ടർ ബോർഡിലെ മൂന്ന് സി.പി.എം. അംഗങ്ങളെ ഉൾപ്പെടുത്തി താല്ക്കാലിക ഭരണസമിതിയെ നിയമിക്കുകയും ചെയ്തു. ഈ നടപടിയാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവോടെ അസാധുവായത്. ജനാധിപത്യം സംരക്ഷിക്കുന്ന നടപടിയാണ് കോടതിയിൽ നിന്നുണ്ടായതെന്ന് പ്രസിഡന്റ് ഷാജിമോഹൻ പറഞ്ഞു.
വരുന്ന സാമ്പത്തികവർഷം 3,500 കോടി രൂപയുടെ കാർഷികവായ്പ വിതരണം ചെയ്യുന്നതിന് ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പൊതുയോഗത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ നടപ്പാക്കാനായില്ല. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകൾ എഴുത്തിത്തള്ളാൻ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരം നേടാനായില്ല. ഈ നടപടികളെല്ലാം മുന്നോട്ടു നീക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് ഷാജിമോഹൻ പറഞ്ഞു.