തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ്റെ (കെ.എസ്.ഐ.ഡി.സി.) പുതിയ ചെയർമാനായി പ്രമുഖ വ്യവസായ സംരംഭകനും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ സി.ബാലഗോപാലിനെ സർക്കാർ നിയമിച്ചു. ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമാതാക്കളായ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് സി.ബാലഗോപാൽ.
Follow the FOURTH PILLAR LIVE channel on WhatsApp
1983ൽ ഐ.എ.എസിൽ നിന്നു രാജി വച്ചാണ് അദ്ദേഹം വ്യവസായ സംരംഭക നേതൃത്വത്തിൽ എത്തിയത്. അൻഹ ട്രസ്റ്റ്, സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടേയും നേതൃത്വത്തിലും അദ്ദേഹം പ്രവർത്തിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോർ, ധനകാര്യ (എക്സ്പെൻഡിച്ചർ) സെക്രട്ടറി കേശവേന്ദ്രകുമാർ, വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികൾ. ഐ.ബി.എസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എം.ഡി. പി.കെ.മായൻ മുഹമ്മദ്, സിന്തൈറ്റ് എം.ഡി. അജു ജേക്കബ്ബ്, സംസ്ഥാന തല ബാങ്കേഴ്സ് സമിതി മുൻ ചെയർമാൻ എസ്.പ്രേം കുമാർ, ജിയോജിത് ഫിനാൻഷ്യൽ സർവീസ് എം.ഡി. സി.ജെ.ജോർജ്, ചാർട്ടേഡ് അക്കൗണ്ടന്റ് ദീപ വർഗീസ് എന്നിവരെയാണ് ബോർഡിലെ മറ്റംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്.