29 C
Trivandrum
Tuesday, April 29, 2025

മലയാളത്തിന്റെ അമ്മമുഖം മറഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

    • കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച അഭിനേത്രി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് മാസത്തില്‍ പൊന്നമ്മയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്റ്റംബര്‍ മൂന്നിന് തുടര്‍പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചവരില്‍ ഒരാള്‍ കൂടിയാണ്. പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1971, 1972, 1973, 1994 വര്‍ഷങ്ങളിലായി നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ഒട്ടേറെ സിനിമകളില്‍ ഗായികയായും തിളങ്ങി.

തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. കൂടാതെ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

തിരുവല്ലക്കടുത്ത് കവിയൂരില്‍ 1945ല്‍ ടി.പി.ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക ഉള്‍പെടെ ആറ് സഹോദരങ്ങളുണ്ട്. സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എല്‍.പി.ആര്‍.വര്‍മ്മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂര്‍ എസ്.ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. അവിടെ നിന്നായിരുന്നു നാടകത്തില്‍ ഗായികയായുള്ള അരങ്ങേറ്റം.

1962ല്‍ സിനിമയില്‍ തുടക്കമിടുമ്പോള്‍ പൊന്നമ്മയ്ക്ക് പ്രായം 19 വയസ്സായിരുന്നു. 1965ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ പൊന്നമ്മയെക്കാള്‍ പ്രായമുള്ള സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി പിന്നീടുള്ള തലമുറയിലെ നായകന്മാരടക്കം മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ കവിയൂര്‍ പൊന്നമ്മ എന്നും ഓര്‍മ്മിക്കപ്പെടും. 1974ലെ നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

1963ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാടി. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി.

സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിര്‍മാതാവായ മണിസ്വാമി സിനിമാ സെറ്റില്‍ വച്ചാണ് വിവാഹഭ്യര്‍ഥന നടത്തിയത്. 1969ല്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വേര്‍പിരിഞ്ഞു. എന്നിരുന്നാലും വാര്‍ധക്യത്തില്‍ മണിസ്വാമി രോഗബാധിതനായപ്പോള്‍ 2011 ല്‍ അദ്ദേഹത്തിന്റെ മരണം വരെ കവിയൂര്‍ പൊന്നമ്മയാണ് പരിചരിച്ചത്.

ഭൗതികശരീരം ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ആലുവ വീട്ടുവളപ്പില്‍ വൈകിട്ട് 4 മണിക്ക്.

Recent Articles

Related Articles

Special

Enable Notifications OK No thanks