തിരുവനന്തപുരം: കാലങ്ങള്‍ കടന്നു സഞ്ചരിക്കുന്ന, വര്‍ണങ്ങള്‍ ചാലിച്ച മുത്തശ്ശിക്കഥയാണ് അജയന്റെ രണ്ടാം മോഷണം. ഓണം റിലീസായി തിയറ്ററുകളിലെത്തിയ അജയന്റെ രണ്ടാം മോഷണം ആദ്യ ഷോകളില്‍ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രണയത്തിന്റെ തീവ്രതയും പ്രതികാരത്തിന്റെ ശക്തിയും അതിജീവനത്തിനായുള്ള പോരാട്ടവും ചിയോതിക്കാവെന്ന കൊച്ചു ഗ്രാമത്തില്‍ അതിമനോഹരമായി വരച്ചു ചേര്‍ക്കാന്‍ എ.ആര്‍.എമ്മിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി. കാതലുള്ള കഥയും കരുത്തുള്ള തിരക്കഥയും മനോഹരമായ എഡിറ്റിങ്ങും മികച്ച സംവിധാനവും അജയന്റെ രണ്ടാം മോഷണത്തെ പ്രേക്ഷക ഹൃദയങ്ങളില്‍ മായാതെ പതിപ്പിക്കുന്നു. അടരുകളുള്ള കഥയെ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാതെ കൂട്ടിയോജിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. കൈവിട്ട് പോയേക്കാവുന്ന പ്രമേയം കൈയടക്കം കൊണ്ടാണ് അതിജീവിക്കുന്നത്.
ഒരു കഥാപരിസരത്ത് മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യക്തികളിലൂടെയാണ് കഥ മുന്നേറുന്നത്. പോരാളിയായ കുഞ്ഞിക്കേളുവിനെയും കള്ളനായ മണിയനെയും മുന്‍ തലമുറ സൃഷ്ടിച്ചു നല്‍കിയ ചീത്തപ്പേര് അതിജീവിക്കാന്‍ പെടാപാടുപ്പെടുന്ന ചെറുപ്പക്കാരന്‍ അജയനെയും സൂക്ഷ്മതയോടെ ഒരു ചരടില്‍ മനോഹാരിതയോടെ കോര്‍ത്തെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വ്യത്യസ്ത ഗെറ്റപ്പുകളിലും സ്വഭാവങ്ങളിലുമുള്ള മൂന്ന് കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയ ടൊവിനോ തോമസ് മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ പോന്ന അഭിനേതാവാണെന്ന് അജയന്റെ രണ്ടാം മോഷണം വ്യക്തമാക്കുന്നുണ്ട്. അമാനുഷിക കഥാപാത്രങ്ങളാണെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും സമൂഹത്തില്‍ അന്യമല്ലാത്ത സാധാരണക്കാര്‍ തന്നെയാണ് മൂവരും.
പ്രണയത്തിന്റെ തീവ്രത കാലങ്ങളെത്ര മാറിയാലും മാറുന്ന മിത്തല്ലെന്ന് അടിയവരയിട്ട് തെളിയിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പല മുഹൂര്‍ത്തങ്ങളിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന സസ്‌പെന്‍സുകള്‍ക്ക് സമാനമായ ട്വിസ്റ്റുകള്‍ സിനിമയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവം കൂടി നല്‍കുന്നുണ്ട്. പൊതുവെ കള്ളന്മാരുടെ കഥകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവും ചേക്കിലെ മാധവനും തൊണ്ടിമുതലും ദൃസാക്ഷിയിലെ പലപേരുകള്‍ സ്വീകരിക്കുന്ന ഫഹദ് ഫാസിലിന്റെ കള്ളനും മലയാളികളുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. അക്കൂട്ടത്തിലേക്കാണ് ടൊവിനോയുടെ മണിയനും ചേക്കേറാന്‍ പോകുന്നത്.
നായകന്റെ നിഴലായി വന്നു പോകുന്ന കെട്ടുക്കാഴ്ചകളല്ല അജയന്റെ രണ്ടാം മോഷണത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍. സുരഭിയും രോഹിണിയും കൃതി ഷെട്ടിയും ഐശ്വര്യ രാജേഷും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സിനിമയ്ക്ക് കൂടുതല്‍ ബലം നല്‍കുന്നു. ലീല മുതല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഞെട്ടിച്ച ജഗദീഷ് എ.ആര്‍.എമ്മിലും സമാനമായ ഞെട്ടല്‍ സമ്മാനിക്കുന്നുണ്ട്. രൂപമാറ്റവും അതിന് അനുസരിച്ചുള്ള പെരുമാറ്റവും കൊല്ലന്‍ നാണുവിനെ വില്ലനും നായകനുമൊപ്പം എത്തിക്കുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെ അപേഷിച്ച് സാന്നിദ്ധ്യം കുറവാണെങ്കിലും മണിയന്റെ സഹചാരി കൊല്ലന്‍ പ്രേക്ഷക മനസില്‍ നിന്നും അടുത്തകാലത്തൊന്നും കുടിയിറങ്ങില്ല. മോഹന്‍ലാലിന്റെ നരേഷനോടെയാണ് സിനിമ ആരംഭിക്കുന്നത്. കൗതുകത്തോടെ കാത്തിരിക്കാന്‍ പ്രേക്ഷകന് ഇതില്പരമൊന്നും വേണ്ടി വരുകയുമില്ല.
പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് ദൃശ്യവിസ്മയമൊരുക്കാന്‍ എ.ആര്‍.എമ്മിന് സാധിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥയിലൊളിപ്പിച്ച ഉദ്വേഗങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ ത്രി ഡിക്ക് കഴിഞ്ഞിട്ടുണ്ട്. ചില സാങ്കേതിക പോരായ്മകളുണ്ടെങ്കിലും അതൊന്നും ആസ്വാദനത്തെ ബാധിക്കില്ല. ജിതിന്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ്. എന്നാല്‍ ഒരിക്കല്‍ പോലും നവാഗതന്റെ പതര്‍ച്ച സിനിമയില്‍ കാണാനാകില്ല. സുജിത്ത് നമ്പ്യാരുടെ തിരക്കഥ സിനിമയ്ക്ക് നല്‍കുന്നത് മികച്ച പിന്തുണ തന്നെയാണ്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, സന്തോഷ് കീഴാറ്റൂര്‍, രോഹിണി, കബീര്‍ സിങ് ദുഹാന്‍, സഞ്ജു ശിവറാം, ശിവജിത്ത്, നിസ്താര്‍ സേഠ്, പ്രമോദ് ഷെട്ടി, ഹരീഷ് ഉത്തമന്‍, ശിവരാജ്, സുധീഷ് തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ദൃശ്യമികവും പശ്ചാത്തല സംഗീതവും പ്രേക്ഷകശ്രദ്ധ സ്‌ക്രീനില്‍ തന്നെ നിലനിര്‍ത്തുന്നു. ജോമോന്‍ ടി.ജോണാണ് ഛായാഗ്രഹണം. മനു മഞ്ജിത്തിന്റെ ഗാനരചനയില്‍ ദീപു നൈനാന്‍ തോമസ് സംഗീതം ഒരുക്കിയിരിക്കുന്നു. ആനന്ദ് പദ്മന്റെ കലാസംവിധാനം സിനിമയുടെ ആസ്വാദ്യ നിലവാരം ഉയര്‍ത്തി. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു.ജി.എം. മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ദീപു പ്രദീപാണ് സിനിമയുടെ അഡിഷണല്‍ സ്‌ക്രീന്‍പ്ലേ നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റണ്ട് -ഫീനിക്സ് പ്രഭു, വിക്രം മോര്‍, കോസ്റ്റ്യൂം ഡിസൈന്‍ -പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് -റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഹര്‍ഷന്‍ പട്ടാഴി, പ്രിന്‍സ് റാഫേല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ -ഗോകുല്‍ ദാസ്, പി.ആര്‍. -മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പൊതുസമൂഹം തിയറ്ററുകളില്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. വിവാദങ്ങളില്‍ ഉള്‍പ്പെട്ട പലരുടെയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററുകളില്‍ കടപുഴകിയ അനുഭവമാണ് സിനിമാ പ്രവര്‍ത്തകരെ പേടിപ്പിച്ചിരുന്നത്. എന്നാല്‍ മലയാള സിനിമയുടെ സ്വീകാര്യതയ്ക്കുണ്ടായിരുന്ന ഇടക്കാല മരവിപ്പ് മാറ്റിയെടുക്കാന്‍ അജയന്റെ രണ്ടാം മോഷണത്തിന് കഴിഞ്ഞിട്ടുണ്ട്. ഓണക്കാലത്തെ പണംവാരി പടമായി എ.ആര്‍.എം. മാറുക തന്നെ ചെയ്യും.