റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്താനെ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് തോല്പിച്ചു. അതും പാകിസ്താനില്‍ വെച്ച്! ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും പാകിസ്താനായിരുന്നു ജയം. ഒരു മത്സരം സമനിലയിലായി.
Follow the FOURTH PILLAR LIVE channel on WhatsApp
സ്‌കോര്‍
പാകിസ്താന്‍ ആറു വിക്കറ്റിന് 448, 146
ബംഗ്ലാദേശ്: 565, വിക്കറ്റ് നഷ്ടപ്പെടാതെ 30
ആദ്യം ബാറ്റുചെയ്ത പാകിസ്താന് മികച്ച തുടക്കമാണ് കിട്ടിയത്. സൗദ് ഷക്കീലിന്റെയും മുഹമ്മദ് റിസ്വാന്റെയും സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ഇന്നിങ്സില്‍ 448 റണ്‍സെടുത്തു. നാലു വിക്കറ്റ് ബാക്കി നില്‌ക്കേ പാക് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, പാക് ബാറ്റര്‍മാരെക്കാള്‍ മികച്ച നിലവാരത്തില്‍ മറുപടി നല്‍കാന്‍ ബംഗ്ലാ ബാറ്റര്‍മാര്‍ക്കായി. മുഷ്ഫിഖുര്‍ റഹീമിന്റെ സെഞ്ചുറിയും (191 റണ്‍സ്) ശദ്മന്‍ ഇസ്ലാമിന്റെ ഇന്നിങ്സും (93) ബംഗ്ലാദേശിനെ 565 റണ്‍സിലെത്തിച്ചു. ബംഗ്ലാദേശിന് 117 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്.
രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്താന്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 146 റണ്‍സെടുക്കുന്നതിനിടെ എല്ലാ പാക് ബാറ്റര്‍മാരും കൂടാരം കയറി. 53 റണ്‍സെടുത്ത റിസ്വാന്‍ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. നാലു വിക്കറ്റ് നേടിയ മെഹ്ദി ഹസന്‍ മിറാസും മൂന്ന് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനുമാണ് പാകിസ്താനെ ചെറിയ സ്‌കോറിലൊതുക്കിയത്.
ലീഡ് കിഴിച്ചാല്‍ പത്തു വിക്കറ്റ് ശേഷിക്കേ 30 റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വിക്കറ്റ് കളയാതെ ഓപ്പണര്‍മാര്‍ ആ ലക്ഷ്യം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. സാക്കിര്‍ ഹസനും ഷദ്മന്‍ ഇസ്ലാമും ചേര്‍ന്ന് 6.3 ഓവറില്‍ 30 റണ്‍സ് നേടിയതോടെ ബംഗ്ലാദേശ് ടെസ്റ്റില്‍ മറ്റൊരു ചരിത്രമെഴുതി.
ഇതോടെ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. ഓഗസ്റ്റ് 30ന് റാവല്‍പിണ്ടിയില്‍ തന്നെയാണ് രണ്ടാം ടെസ്റ്റ്.