തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാവുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ചൊവ്വാഴ്ച രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ഓഗസ്റ്റ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടി മഴയ്ക്കു സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ വീശയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്കി.
ഓഗസ്റ്റ് 13ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 14ന് എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ട് ഉള്ളയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത കല്പിക്കപ്പെടുന്നു.
മഞ്ഞ അലര്‍ട്ട് നിലവിലുള്ള ജില്ലകള്‍ ഇവയാണ്: ഓഗസ്റ്റ് 13ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍. ഓഗസ്റ്റ് 15ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്. ഓഗസ്റ്റ് 16ന് മലപ്പുറം, കോഴിക്കോട്, വയനാട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്നത്.