പ്രാഥമിക പട്ടികയില്‍ ഒമ്പതു പേരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു
മറ്റ് ബാങ്കുകളും ഇതാലോചിക്കുന്നു
വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍
തിരുവനന്തപുരം: ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
നിലവില്‍ പ്രാഥമിക പട്ടികയില്‍ ഒമ്പതു പേരുടെ വായ്പകളാണ് എഴുതിത്തള്ളുക. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ മറ്റു ശാഖകളില്‍ ബാധ്യതകള്‍ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാകേണ്ടതുണ്ട്.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30ന് നല്‍കിയിരുന്നു. ഇതു കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഉരുള്‍പൊട്ടലിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍ നടപടി തുടങ്ങി. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയാണ് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയത്. വായ്പകള്‍ എഴുതിത്തള്ളാന്‍ കേരള ബാങ്ക് സ്വീകരിച്ച നടപടി മറ്റു ബാങ്കുകളുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ജില്ലാ തല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പു പ്രകാരം 22 കോടി രൂപയുടെ വായ്പയാണു ദുരന്തത്തിനിരയായവര്‍ തിരിച്ചടയ്ക്കാനുള്ളത്. ഇവരില്‍ ആരെയും വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൃഷി വായ്പകള്‍ക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുന്നത്. 50 ശതമാനം വരെ കൃഷി നശിച്ചിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഒരു വര്‍ഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം. 50 ശതമാനത്തിനു മേല്‍ കൃഷി നാശമുണ്ടെങ്കില്‍ അഞ്ചു വര്‍ഷം വരെ തിരിച്ചടവു കാലാവധി നീട്ടി നല്‍കാനാകും.
പൂര്‍ണമായും കൃഷി നശിച്ചെന്നു സംസ്ഥാന കൃഷിവകുപ്പ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയവും അഞ്ചു വര്‍ഷം വരെ തിരിച്ചടവു കാലാവധിയും ബാങ്കുകള്‍ അനുവദിക്കാനാണു സാധ്യത. വായ്പയെടുത്തവര്‍ മൊറട്ടോറിയം അനുസരിച്ച് ഒരു വര്‍ഷം പണം തിരിച്ചടയ്ക്കേണ്ടതില്ല. അതു കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനഃക്രമീകരിച്ചു നല്‍കും. തിരിച്ചടവിലെ ഒരു വര്‍ഷത്തെ അവധി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍, ഈ കാലയളവിലെ പലിശ, ബാക്കി തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയില്‍ ഉള്‍പ്പെടുത്തുന്നതാണു രീതി.
വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിന്, വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂര്‍ത്തിയാകേണ്ടതുണ്ട്. അതുകഴിഞ്ഞ് എഴുതിത്തള്ളല്‍ പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. അങ്ങനെയെങ്കില്‍ വായ്പാ ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടിവരും. ഓഖി ദുരന്തത്തില്‍പെട്ടവരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു.