ജയ്പുര്‍: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരന്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബോധം വീണ്ടെടുത്തു. കുടുംബമില്ലാത്ത ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന രോഹിതാഷ് കുമാര്‍ എന്ന യുവാവിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജുന്‍ജുനു ജില്ലയിലാണ് സംഭവം.
Follow the FOURTH PILLAR LIVE channel on WhatsApp
ജില്ലാ ആശുപത്രിയില്‍ തിരിച്ചെത്തിയ രോഹിതാഷ് കുമാര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡോ.യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, പി.എം.ഒ. ഡോ.സന്ദീപ് പാച്ചാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ രാമാവ്താര്‍ മീണ പറഞ്ഞു.
നവംബര്‍ 21നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രോഹിതാഷ് കുമാറിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ രോഹിതാഷ് കുമാര്‍ മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ചിതയില്‍ വെച്ചതോടെ രോഹിതാഷ് കുമാറിന് പെട്ടെന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സില്‍ രോഹിതാഷ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റവന്യൂ ഓഫീസര്‍ മഹേന്ദ്ര മുണ്ട്, സാമൂഹിക നീതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പവന്‍ പൂനിയ എന്നിവര്‍ ആശുപത്രിയിലെത്തി.