തിരുവനന്തപുരം: മാല പൊട്ടിച്ച കള്ളികളെ പിന്തുടർന്നു പിടിച്ച യുവതി നാട്ടിലെ താരമായി. കോട്ടമുകളിൽ വാടകയ്ക്ക് താമസിക്കുന്ന ശോഭയാണ് മാലക്കള്ളികളായ മൂന്ന് തമിഴ്‌നാട് സ്വദേശികളെ പിന്തുടർന്ന് പിടിച്ചത്. കോയമ്പത്തൂർ പൊള്ളാച്ചി കൊല്ലക്കപാളയം കുറവൂർ കോളനിയിൽ താമസക്കാരായ അംബിക(41), അമൃത(40), ഹരണി(40) എന്നിവരാണ് പിടിയിലായത്.
Follow the FOURTH PILLAR LIVE channel on WhatsApp
കാട്ടാക്കടനിന്ന് പൂവാർ ബസിൽ കയറിയ ശോഭ കോട്ടമുകളിൽ ഇറങ്ങാൻ ശ്രമിക്കവേ തിരക്കുണ്ടാക്കി ശോഭയുടെ തലയിൽ മോഷ്ടാക്കളിലൊരാൾ ഷാൾകൊണ്ട് മൂടി. ബസിൽനിന്ന് ഇറങ്ങിയ ശോഭയ്ക്ക് പന്തികേടുതോന്നിയതുകാരണം ഉടൻതന്നെ കഴുത്തിൽ തപ്പിനോക്കുമ്പോൾ രണ്ട് പവനോളം തൂക്കംവരുന്ന മാല നഷ്ടപ്പെട്ടതായി മനസിലായി. ഇതിനിടയിൽ ബസ് നെയ്യാറ്റിൻകര ഭാഗത്തേക്കു പോകുകയും ചെയ്തു.
ഉടൻതന്നെ ശോഭ കോട്ടമുകളിൽനിന്ന് ഓട്ടോ വിളിച്ച് ബസിനെ പിന്തുടർന്നു. മണ്ണടിക്കോണത്തുവെച്ച് മൂന്ന് സ്ത്രീകൾ ബസിൽനിന്ന് ഇറങ്ങിയെന്ന് ബസ് ജീവനക്കാർ വിവരം നൽകി. മണ്ണടിക്കോണത്തെത്തിയ ശോഭ അന്വേഷിച്ചപ്പോൾ മൂന്ന് സ്ത്രീകൾ ഓട്ടോയിൽ കയറി പോകുന്നത് കണ്ടതായി നാട്ടുകാർ വിവരം നൽകി.
തുടർന്നുനടത്തിയ അന്വേഷണത്തിൽ ബാലരാമപുരം തലയൽ ക്ഷേത്രത്തിനുസമീപം ഓട്ടോയെത്തിയതായി വിവരം ലഭിച്ചു. അവിടെനിന്ന് ഓട്ടോഡ്രൈവറെ ബന്ധപ്പെടുകയും നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയുമായിരുന്നു.
മാറനല്ലൂർ പോലീസിൽ വിവരമറിയച്ചതനുസരിച്ച് എസ്.എച്ച്.ഒ. ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് മാല കണ്ടെടുത്തിട്ടുണ്ട്.