Follow the FOURTH PILLAR LIVE channel on WhatsApp
പുണെയില്‍ നിന്നുള്ള കുടുംബത്തിന്റെ തിരുപ്പതി ദര്‍ശനം വൈറല്‍
തിരുപ്പതി: 25 കിലോ സ്വര്‍ണം ധരിച്ച് ഒരു കുടുംബം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ വൈറല്‍. ആന്ധ്രപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലാണ് പുണെയില്‍ നിന്നുള്ള കുടുംബം സ്വര്‍ണാഭരണ വിഭൂഷിതരായി എത്തിയത്.
പുണെയില്‍ നിന്നുള്ള സണ്ണി നാനാ വാഗ്ചോരി, സഞ്ജയ് ദത്താത്രയ ഗുജര്‍, പ്രീതി സോണി എന്നിവരാണ് കഥാപാത്രങ്ങള്‍. ഏകദേശം 180 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭാരണങ്ങളാണ് ഇവര്‍ അണിഞ്ഞിരുന്നത്. മാത്രമല്ല, സ്വര്‍ണം പൂശിയ മഹീന്ദ്ര സ്‌കോര്‍പിയോയിലാണ് കുഞ്ഞുള്‍പ്പെടെയുള്ള ഈ നാലംഗ സംഘം എത്തിയത്. ഗോള്‍ഡണ്‍ ഗയ്‌സ് എന്ന് വാഹനത്തില്‍ പേരെഴുതിയിട്ടുമുണ്ട്.
പുരുഷന്‍മാര്‍ രണ്ടു പേരും കഴുത്തില്‍ നിരവധി തട്ടുകളുള്ള സ്വര്‍ണമാലയാണ് ധരിച്ചിരുന്നത്. കഴുത്തില്‍ പാമ്പ് ചുറ്റിക്കിടക്കുന്നതുപോലെയാണ് ഈ സ്വര്‍ണമാല. ഒപ്പം സ്വര്‍ണം പൂശിയ കണ്ണടയും വളയും ധരിച്ചു.
ഒരു വധുവിനെപ്പോലെയാണ് സ്ത്രീ ഒരുങ്ങിയിരിക്കുന്നത്. ഇവരുടെ കഴുത്തില്‍ നിറയെ മാലകളും നെക്‌ലേസുകളുമുണ്ട്. കൈയില്‍ നിറയെ വളകളും കാണാം. ഇതിനൊപ്പം സ്വര്‍ണ നിറത്തിലുള്ള സാരിയാണ് യുവതി ധരിച്ചിരുന്നത്. ഇവര്‍ക്ക് ചുറ്റും സുരക്ഷാ ഗാര്‍ഡുകളേയും വീഡിയോയില്‍ കാണാം.

ആന്ധ്രാ പ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം എന്ന നിലയില്‍ പ്രശസ്തമാണ്. ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം ലഭിക്കാന്‍ നാനാതുറകളില്‍പ്പെട്ട ധാരാളം ഭക്തര്‍ ദിവസവും ഇവിടെ എത്തുന്നു. ഓരോ ദിവസവും 75,000 മുതല്‍ 90,000 വരെ തീര്‍ഥാടകരാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുള്ളത്.
ജൂലൈയില്‍ 125 കോടി രൂപയാണ് ഭണ്ഡാരം വഴിപാട് മുഖേന ലഭിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാമള റാവു അറിയിച്ചിരുന്നു. ആ മാസം 22 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. 8.6 ലക്ഷം ഭക്തര്‍ ക്ഷേത്രത്തില്‍ ആചാരപരമായ വഴിപാടുകളും നടത്തി. ഒരു കോടിയലധികം ലഡ്ഡുവും ആ മാസം വിറ്റു.
കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 69ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരം തിരുമലയിലെത്തിയത്. എന്നാല്‍, അതിനെക്കാള്‍ വാര്‍ത്താപ്രാധാന്യമാണ് സ്വര്‍ണത്താല്‍ മൂടിയെത്തിയ കുടുംബം നേടിയത്.