കൊച്ചി: മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്സ്റ്റോൺ, ടി.പി.ജി. എന്നിവയുടെ ഉടസ്ഥതയിലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും ലയിക്കുന്നു. ഇരുകമ്പനികളുടെയും ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ലയനത്തിന് അനുമതി നൽകി.
Follow the FOURTH PILLAR LIVE channel on WhatsApp
ലയിച്ചൊന്നാകുന്ന കമ്പനി ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടും. ആസ്റ്ററിന്റെ ഓഹരിയുടമകൾക്ക് എല്ലാംകൂടി കമ്പനിയിൽ 57.3 ശതമാനവും ക്വാളിറ്റി കെയറിന്റെ ഓഹരിയുടമകൾക്ക് 42.7 ശതമാനവും ഓഹരിയാകും ഉണ്ടാകുക. ആസ്റ്ററിന്റെ പ്രമോട്ടർമാരായ ഡോ.ആസാദ് മൂപ്പനും സംഘത്തിനും 24 ശതമാനം ഓഹരിയുണ്ടാകും. ബ്ലാക്സ്റ്റോണിന് 30.7 ശതമാനവും.
ആസ്റ്റർ സ്ഥാപകനായ ഡോ.ആസാദ് മൂപ്പൻ പുതിയ കമ്പനിയുടെയും എക്സിക്യുട്ടീവ് ചെയർമാനായി തുടരും. ക്വാളിറ്റി കെയറിന്റെ ഗ്രൂപ്പ് എം.ഡി. വരുൺ ഖന്നയായിരിക്കും എം.ഡി.യും ഗ്രൂപ്പ് സി.ഇ.ഒ.യും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർ കെയർ എന്നീ നാലു ബ്രാൻഡുകളായിരിക്കും കമ്പനിക്ക് കീഴിലുണ്ടാകുക. കിംസ് ഹെൽത്ത് ഉൾപ്പെടെയുള്ള ബ്രാൻഡുകളിലെ നിലവിലുള്ള നേതൃനിര തുടരും. ആരോഗ്യപരിരക്ഷാ രംഗത്തെ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകുന്നത് ഈ രംഗത്തെ വലിയ ശക്തിയായി മാറാൻ സഹായിക്കുമെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. നിക്ഷേപക സ്ഥാനപങ്ങളുടെ കൂടി പിന്തുണ അതിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025-26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ ലയനം പൂർത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ഇരുകമ്പനികൾക്കും കൂടി മൊത്തം 42,000 കോടി രൂപയാണ് മൂല്യം കൽപ്പിച്ചിരിക്കുന്നത്.
കൊച്ചിയും ബംഗളൂരുവും കേന്ദ്രമായി പ്രവർത്തിക്കുന്ന ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന് 15 നഗരങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 212 ഫാർമസികളും 232 ലാബുകളുമാണ് ഉള്ളത്. ഇന്ത്യക്ക് പുറത്തുള്ള സംരംഭങ്ങൾ ഈയിടെ വിഭജിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കെയർ ഹോസ്പിറ്റൽസിലും തിരുവനന്തപുരം ആസ്ഥാനമായുള്ള കിംസ് ഹെൽത്തിലും ഓഹരിപങ്കാളിത്തമുള്ള കമ്പനിയാണ് ക്വാളിറ്റി കെയർ. ഇതിന് 26 ഹെൽത്ത്കെയർ സെന്ററുകളിലായി 5,150 കിടക്കകളുണ്ട്.