Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: നാവികസേനയുടെ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ്. വിക്രമാദിത്യയുടെ പുനർനിർമ്മാണത്തിന് കൊച്ചി കപ്പൽ നിർമ്മാണശാലയും പ്രതിരോധ മന്ത്രാലയവും കരാർ ഒപ്പുവെച്ചു. വിക്രമാദിത്യയിൽ ഷോർട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് 1,207 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.
ഇന്ത്യൻ വ്യാവസായിക മേഖലയിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിനെ മികച്ച അറ്റകുറ്റപ്പണി ഹബ്ബായി (എം.ആർ.ഒ.) വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പായിരിക്കും ഈ കരാറെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് വിക്രമാദിത്യ നവീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഏകദേശം 50 ചെറുകിട-നാമമാത്ര വ്യാവസായിക സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) പങ്കാളിത്തം കപ്പൽശാലയുടെ ഈ പദ്ധതി നടത്തിപ്പിലുണ്ടാവും. ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് മുതൽക്കൂട്ടാണ്. ഐ.എൻ.എസ്. വിക്രമാദിത്യയുടെ അറ്റകുറ്റപ്പണി 3,500ഓളം പേർക്ക് തൊഴിലവസരമുണ്ടാക്കുകയും ചെയ്യും.
2013 നവംബറിൽ നാവികസേനയിൽ അണിചേർന്ന വിമാനവാഹിനി കപ്പലാണ് ഐ.എൻ.എസ്. വിക്രമാദിത്യ. അറ്റകുറ്റപണി പൂർത്തിയാക്കുന്നതോടെ നവീകരിച്ച യുദ്ധശേഷി ഈ കപ്പൽ കൈവരിക്കും.