29 C
Trivandrum
Friday, January 17, 2025

മഹാരാഷ്ട്ര സസ്‌പെൻസൊഴിഞ്ഞു; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സസ്‌പെൻസുകൾക്ക് വിരാമമായി. മഹായുതി സഖ്യ സർക്കാരിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻ.സി.പി. നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമാകും. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള അന്തിമ തീരുമാനം ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിലാണുണ്ടായത്.

Follow the FOURTH PILLAR LIVE channel on WhatsApp 

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. മുംബൈ ആസാദ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.

മഹായുതി സർക്കാരിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന് മുൻപ് തന്നെ സൂചനകൾ വന്നിരുന്നു. മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഖ്യകക്ഷികളിൽ നിന്നുള്ള ഉപമുഖ്യമന്ത്രിമാരുടെ പ്രഖ്യാപനമുണ്ടായത്. ഇരുവരും ഫഡ്നാവിസിനൊപ്പം നാളെ മുംബൈയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌തേക്കും.

ഏകനാഥ് ഷിൻഡെയ്ക്കു പകരം മകൻ ശ്രീകാന്ത് ഷിൻഡെ ഉപമുഖ്യമന്ത്രിയാവും എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, സർക്കാരിന്റെ ഉറപ്പിന് ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലുണ്ടാവണമെന്ന് ബി.ജെ.പി. വാശിപിടിച്ചു. അതിന് അദ്ദേഹം വഴങ്ങുകയായിരുന്നു.

ബുധനാഴ്ച ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ഫഡ്നാവിസ്, യോഗത്തിന് ശേഷം ഷിൻഡെ സർക്കാരിൽ ചേരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളെ കണ്ട ഫഡ്‌നാവിസ് ശിവസേന നേതാവിന് പ്രത്യേക നന്ദിയും അറിയിച്ചു.

ഇന്നലെ ഏക്നാഥ് ഷിൻഡെയോട് ഞാൻ മന്ത്രിസഭയിൽ തുടരാൻ അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ഞങ്ങൾ തമ്മിലുള്ള ഒരു സാങ്കേതിക കരാർ മാത്രമാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു, അത് തുടരും -ഫഡ്‌നാവിസ് പറഞ്ഞു.

സഖ്യത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കുന്നതായി ഏക്‌നാഥ് ഷിൻഡെയുടെ മറുപടി. രണ്ടര വർഷം മുമ്പ് മുഖ്യമന്ത്രിയാകാൻ ഫഡ്നാവിസ് എന്റെ പേര് ശുപാർശ ചെയ്തു. ഇത്തവണ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന്റെ പേര് ഞങ്ങൾ ശുപാർശ ചെയ്യുന്നു -ഷിൻഡെ പറഞ്ഞു.

280 അംഗ 132 സീറ്റുകൾ നേടിയ ബിജെപിയാണ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന 57 സീറ്റുകളിൽ വിജയിച്ചപ്പോൾ പവാറിന്റെ എൻ.സി.പി. 41 സീറ്റുകളാണ് നേടിയത്. മൊത്തത്തിൽ 230 സീറ്റുകൾ നേടിയ മഹായുതി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ ചരിത്ര വിജയം നേടിയത്. മഹായുതി സഖ്യത്തിന് 140നു മേൽ സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks