തിരുവനന്തപുരം: സി.പി.എം. പുറത്താക്കിയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബി.ജെ.പി. അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് അംഗത്വം നൽകിയത്.
പാർട്ടിയിൽ ചേരുന്നവരെ ബി.ജെ.പി. സംരക്ഷിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. മംഗലപുരത്തെ സഹകരണ മേഖലയെക്കുറിച്ചും സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും പല കാര്യങ്ങളും ഉടനെ തന്നെ വെളിപ്പെടുത്തുമെന്ന് മധു മുല്ലശേരി പറഞ്ഞു.
പല ജില്ലകളിൽനിന്നും കൂടുതൽ സി.പി.എം. നേതാക്കൾ ബി.ജെ.പിയിലേക്ക് എത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സി.പി.എം. അവരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. സി.പി.എം. കേരളത്തിൽ അസ്തമിക്കാൻ പോവുകയാണ്. പിണറായി വിജയന്റെ കാലത്ത് തന്നെ പാർട്ടിയുടെ ഉദകക്രിയ നടക്കും.
കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി.ബാബുവിനെതിരെ രണ്ടര വർഷം മുൻപുള്ള പരാതിയിൽ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുകയാണ്. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്. മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാക്കൾക്കിടയിൽ ചർച്ചയാണെന്നും സുരേന്ദ്രൻ പറഞ്ഞു.