എസ്.എഫ്.ഐ.ഒ. അന്വേഷണം ചട്ടവിരുദ്ധമെന്ന് സി.എം.ആര്‍.എല്ലിന്റെ ഹര്‍ജി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: മാസപ്പടി കേസുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ.ഒ. അന്വേഷണം ചട്ടവിരുദ്ധമെന്ന് കാട്ടി സി.എം.ആര്‍.എല്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എസ്.എഫ്.ഐ.ഒ. അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സി.എം.ആര്‍.എല്‍. നിലപാടറിയിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് ചന്ദ്രധാരി സിങ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.

ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നാണ് സി.എം.ആര്‍.എല്ലിന്റെ വാദം. ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്.

ഇന്റ്‌റിം സെറ്റില്‍മെന്റ് കമ്മീഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. എന്നാല്‍ രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്ന് സി.എം.ആര്‍.എല്‍. ചോദ്യമുയര്‍ത്തി. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഷോണ്‍ ജോര്‍ജ്ജെന്നാണ് സി.എം.ആര്‍.എല്ലിന്റെ വാദം.

കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്.എഫ്.ഐ.ഒ. നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രൊസിക്യൂഷന്‍ ആവശ്യമാണോ എന്നതില്‍ തീരുമാനമെടുക്കാനാവൂ എന്നാണ് എസ്.എഫ്.ഐ.ഒ. ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുക.

വീണ വിജയനുള്‍പ്പെടെ മൂന്ന് കമ്പനികളുടെ 20 പ്രതിനിധികളെ ചോദ്യം ചെയ്തു. സി.എം.ആര്‍.എലില്‍ നിന്ന് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതി വകുപ്പില്‍ നിന്നും സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. സി.എം.ആര്‍.എല്‍. അന്വേഷണവുമായി സഹകരിച്ചില്ലെന്നും എസ്.എഫ്.ഐ.ഒ. കോടതിയെ അറിയിച്ചിട്ടുണ്ട്.

COMMENT

Recent Articles

Related Articles

Special