29 C
Trivandrum
Friday, November 7, 2025

വരുന്നു, ലാലേട്ടൻ വിളയാട്ട്; 5 ചിത്രങ്ങളുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ബറോസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. വരുന്ന ഡിസംബറിലാണ് ബറോസിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, മോഹൻലാലിന്റെ വരാനിരിക്കുന്ന 5 ചിത്രങ്ങളുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ആശിർവാദ് സിനിമാസ്.

2024 മുതൽ 2025 വരെ 5 വ്യത്യസ്ത ചിത്രങ്ങളിൽ സൂപ്പർ താരം പ്രത്യക്ഷപ്പെടുമെന്ന് ആശിർവാദ് സിനിമാസ് വെളിപ്പെടുത്തുന്നു. 2024 ഡിസംബർ 25നാണ് ബറോസ് എത്തുന്നത്. 2025 ജനുവരി 30ന് തുടരും, 2025 മാർച്ച് 27ന് എമ്പുരാൻ, 2025 ഓഗസ്റ്റ് 28ന് ഹൃദയപൂർവ്വം, 2025 ഒക്ടോബർ 16ന് വൃഷഭ എന്നിവയാണ് നിശ്ചയിക്കപ്പെട്ട മറ്റു റിലീസുകൾ.

മോഹൻലാൽ നായകനാകുന്ന സിനിമകളിൽ ആദ്യത്തേത് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസാണ്. സൂപ്പർസ്റ്റാറിനെ നിധി കാക്കുന്ന ഭൂതമായി അവതരിപ്പിക്കുന്ന കുട്ടികളുടെ ഫാന്റസി സിനിമ ശരിക്കുമൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാസ്‌കോ ഡ ഗാമയുടെ പിൻഗാമിക്കു കൈമാറാനായി 400 വർഷമായി ഭൂതം സംരക്ഷിക്കുന്ന അദ്ദേഹത്തിന്റെ നിധിയുടെ കഥ ചിത്രം പറയുന്നു. ഒന്നിലേറെ തവണ റിലീസ് മാറ്റിവെച്ച ചിത്രം അതിനാൽത്തന്നെ നിർമ്മാണപ്രതിസന്ധി നേരിടുന്നതായി വാർത്തകൾ വന്നിരുന്നു. ആ വാർത്തകൾക്ക് ഇപ്പോൾ വിരാമമാവുകയാണ്. മായ, സെസാർ ലോറന്റെ റാറ്റൺ, കല്ലിറോയ് സിയാഫെറ്റ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം തുടങ്ങി വിദേശികളും സ്വദേശികളുമടങ്ങുന്ന വൻതാരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തുടർന്ന് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലും മോഹൻലാൽ പ്രധാന വേഷത്തിൽ എത്തും. മോഹൻലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. പത്തനംതിട്ടയിലെ റാന്നിയിലുള്ള ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹൻലാലിനെയും ശോഭനയെയും കൂടാതെ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മോഹന്‍ലാലും ശോഭനയും തുടരും ചിത്രീകരണവേളയില്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫർ ഫ്രാഞ്ചൈസിയുടെ എൽ2: എമ്പുരാൻ എന്ന ചിത്രത്തിൽ അതിനുശേഷം മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം ലൂസിഫറിന്റെ മുമ്പും പിമ്പുമുള്ള ഖുറേഷി-അബ്രാമിന്റെ കഥ ഒരേ സമയം പറയുന്നു. ലൂസിഫറിൽ പ്രധാന വേഷങ്ങളിലെത്തിയ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ അയ്യപ്പൻ, സായ്കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരെല്ലാം എമ്പുരാനിലും അണിനിരക്കുന്നുണ്ട്.

മുതിർന്ന സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാൽ വീണ്ടും കൈകോർക്കുകയാണ് -ഹൃദയപൂർവ്വം എന്നാണ് സിനിമയുടെ പേര്. 2015ൽ മഞ്ജു വാര്യർക്കൊപ്പം മോഹൻലാൽ അഭിനയിച്ച എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം സത്യൻ അന്തിക്കാടുമായി അദ്ദേഹം വീണ്ടും ഒന്നിക്കുകയാണ്.

നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭയാണ് ഈ പട്ടികയിൽ ഒടുവിലത്തേത്. മലയാളത്തിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ദ്വിഭാഷാ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. ചരിത്രം പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ പഴയകാലത്തെ പ്രഖ്യാപിത ശത്രുക്കളായ രണ്ടു പേർ പുതിയ കാലത്ത് അച്ഛനും മകനുമായി പുനർജനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വരുന്ന ഒരു വർഷക്കാലം മോഹൻലാൽ ചിത്രങ്ങളുടെ ഉത്സവകാലമാണെന്ന് ആശിർവാദ് സിനിമാസിന്റെ പ്രഖ്യാപനം വെളിപ്പെടുത്തുന്നു. അതിനാൽത്തന്നെ പ്രേക്ഷകരുടെ സിനിമാവ്യവസായത്തിന്റെ ആകെയും പ്രതീക്ഷകൾ വാനോളമുയരുകയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks