കൊച്ചി: കൊല്ലത്തെ ഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേടിൽ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) ഹൈക്കോടതി നിർദ്ദേശം നല്കി. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കൾ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ അഴിമതി സഹകരണവകുപ്പ് തന്നെയാണ് കണ്ടെത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് അമിത് റാവൽ ജസ്റ്റിസ്, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ സംസ്ഥാന സർക്കാർ അറിയിക്കണം. കേസിലെ പ്രതികളുടെ സ്വത്ത് വിവരങ്ങളും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്. പ്രതികളുടെ സ്വത്തുക്കൾ ക്രയവിക്രയം നടത്തുന്നതിനും ഹൈക്കോടതിയുടെ വിലക്ക് ഏർപ്പെടുത്തി. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. എന്നാൽ എത്ര കേസുകൾ എടുത്തു എന്നത് അറിയിച്ചില്ല. ഇതോടെ ബുധനാഴ്ച രാവിലെ രൂക്ഷവിമർശനമാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആരോപണവിധേയരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവെന്ന കാര്യത്തിൽ സംശയമുള്ളതായി കോടതി നിരീക്ഷിച്ചു. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ സർക്കാരിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയിൽ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കൊല്ലം ജില്ലയിലെ വലിയ സഹകരണ ബാങ്കുകളിലൊന്നായ ഇടമുളയ്ക്കൽ സഹകരണ ബാങ്കിൽ 20 കൊടിയിലധികം രൂപയുടെ തിരിമറി നടന്നതായി നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബാങ്ക് സെക്രട്ടറി കൈപ്പള്ളി മാധവൻ കുട്ടിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്ന് ഇയാളെ പാർട്ടി ഉത്തരവാദിത്തത്തിൽനിന്നും ബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.