Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിശേഷാൽ സമ്പർക്ക് പ്രമുഖ്, പ്രചാരക് പദവികളിൽ നിന്ന് എ.ജയകുമാറിനെ ആർ.എസ്.എസ്. മാറ്റി. പ്രചാരകൻമാരുടെ യോഗത്തിലാണ് തീരുമാനം.
ജയകുമാറിനൊപ്പം എത്തിയാണ് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വിവാദമായിരുന്നു. തൃശ്ശൂർ പൂരം കലക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ആർ.എസ്.എസ്. നേതാവും കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു ഉയർന്ന ആരോപണം.
ജയകുമാർ അയച്ച കാറിലെത്തിയാണ് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. എ.ഡി.ജി.പി. അജിത് കുമാർ സഹപാഠിയാണെന്നു ജയകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ആർ.എസ്.എസ്. നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും അജിത് കുമാറും മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. 2023 മേയ് മാസത്തിൽ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർ.എസ്.എസ്. ക്യാമ്പിനിടെ ആയിരുന്നു കൂടിക്കാഴ്ച.