29 C
Trivandrum
Monday, January 13, 2025

സി.പി.എം. പുറന്തള്ളുന്നവരെ പിടിക്കാൻ നെട്ടോട്ടം, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഗതികേടിൽ ജനത്തിന് ചിരി

തിരുവനന്തപുരം: സി.പി.എമ്മിന് ഇത് സമ്മേളനകാലമാണ്. കൃത്യമായി 3 വർഷ ഇടവേളയിൽ സമ്മേളനങ്ങൾ നടത്തി സംഘടനയെ ഉടച്ചുവാർത്ത് പുതിയ നേതൃത്വത്തെ നിശ്ചയിക്കുന്ന ശീലം കേരളത്തിലെ രണ്ടു പാർട്ടികൾക്കേയുള്ളൂ -സി.പി.എമ്മിനും സി.പി.ഐയ്ക്കും.

Follow the FOURTH PILLAR LIVE channel on WhatsApp 

38,476 ബ്രാഞ്ചുകളാണ് സി.പി.എമ്മിന്റെ അടിസ്ഥാന ഘടകം. അതിനു മുകളിൽ 2,440 ലോക്കൽ കമ്മിറ്റികൾ, 210 ഏരിയാ കമ്മിറ്റികൾ. 14 ജില്ലാ കമ്മിറ്റികൾ, സംസ്ഥാന കമ്മിറ്റി, കേന്ദ്ര കമ്മിറ്റി എന്നിങ്ങനെയാണ് ഘടന. ഇത്രയും പാർട്ടി ഘടകങ്ങളിൽ വിരലിലെണ്ണാവുന്നിടത്ത് മാത്രമാണ് ചില അസ്വാരസ്യങ്ങൾ പ്രകടമായത്. ആ അസ്വാരസ്യങ്ങളെ വളരെ വലുതാക്കി സി.പി.എമ്മിലാകെ പ്രശ്‌നമാണ് എന്നു വരുത്തിത്തീർക്കാനുള്ള ആസൂത്രിത ശ്രമം ഇവിടെ നടക്കുന്നു.

വളരെ വ്യത്യസ്തമായ ഒരു പ്രതിസന്ധിയാണ് സി.പി.എം. ഈ സമ്മേളന കാലത്ത് നേരിടുന്നത്. പാർട്ടിയുടെ മുഖമുദ്രയായ തെറ്റുതിരുത്തൽ പ്രക്രിയ ഇപ്പോൾ നടപ്പാക്കാനാവുന്നില്ല. തെറ്റു ചെയ്ത ഒരാളെ ശിക്ഷിച്ചാൽ അയാൾ ഉടനെ സി.പി.എം. വിട്ട് മറ്റൊരു പാർട്ടിയിൽ ചേരും. അന്നുവരെ എത്ര ആരോപണം നേരിട്ടയാളാണെങ്കിലും സി.പി.എം. വിടുന്നതോടെ അയാൾ ശുദ്ധീകരിക്കപ്പെടും, മഹത്വവത്കരിക്കപ്പെടും. പി.വി.അൻവർ, ബിപിൻ സി.ബാബു, മധു മുല്ലശ്ശേരി എന്നിവരെല്ലാം ഈ പ്രവണതയ്ക്കുള്ള സമീപകാല ഉദാഹരണങ്ങളാണ്. സി.പി.എമ്മിലെ വിഴുപ്പുകൾ പുറത്താകുമ്പോൾ പുത്തൻകോടികളായി മാറുന്ന സ്ഥിതി.

സി.പി.എം. സംഘടനാ നടപടിയെടുത്ത് പുറത്താക്കുന്നവരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സി.പി.എം. നടപടിയെടുത്തു മൂലയ്ക്കിരുത്തിയ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബുവിനെ കഴിഞ്ഞ ദിവസം ബി.ജെ.പി. ഒപ്പം കൂട്ടിയിരുന്നു. സി.പി.എം. പുറത്താക്കിയ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പിടിക്കാൻ വിവിധ പാർട്ടികൾ നടത്തിയ നീക്കമാണ് ഈ പരമ്പരയിൽ ഒടുവിലത്തേത്.

സി.പി.എമ്മിന്റെ മുൻ കായംകുളം ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണ് ബിപിൻ സി.ബാബു. ഇദ്ദേഹത്തിനെതിരെ ഭാര്യയും കുടുംബവും ഗാർഹിക പീഡനം സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്നാണ് സി.പി.എം. സംഘടനാ നടപടിയെടുത്തത്. ബിപിനെ ഏരിയാ കമ്മിറ്റിയിൽ നിന്നാണ് നടപടിയെടുത്തതെങ്കിലും തിരികെ സി.പി.എം. ഉൾപ്പെടുത്തിയത് ബ്രാഞ്ചിൽ മാത്രമാണ്. സി.പി.എമ്മിൽ നിന്നിട്ട് ഇനി കാര്യമില്ല എന്നു ബോദ്ധ്യപ്പെട്ടാണ് ചുവടുമാറ്റം.

രണ്ടുവർഷത്തോളമായി സി.പി.എമ്മുമായി അകന്നും പിന്നീട് അടുത്തും കഴിഞ്ഞശേഷമാണ് ബിപിൻ ബാബു പാർട്ടിവിട്ടത്. ഇദ്ദേഹത്തിനെതിരേ പാർട്ടിയംഗം കൂടിയായ ഭാര്യ ഗാർഹികപീഡന പരാതി പാർട്ടിക്കു നൽകിയതോടെയാണു വിവാദങ്ങളിൽപ്പെട്ടത്. ബിപിനും ഭാര്യയും പാർട്ടി കുടുംബങ്ങളിൽ നിന്നുള്ള മിശ്രവിവാഹിതരാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബുവും ഇടപെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്.

രണ്ടുവർഷം മുൻപ് വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയിൽ തടഞ്ഞുനിർത്തി. ഗാർഹികപീഡന പരാതി പാർട്ടിക്കു നൽകുകയും ചെയ്തു. ബിപിൻ ബാബു മർദ്ദിച്ചെന്നു പറഞ്ഞ് ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു പൊലീസ് കേസെടുത്തു. ഭാര്യയെ ഒഴിവാക്കാൻ ബിപിൻ ആഭിചാരക്രിയ നടത്തിയെന്ന ആരോപണവും ഉയർന്നു. ഇതോടെ കുടുംബപ്രശ്‌നം പാർട്ടിവിഷയമായി. ആരോപണം അന്വേഷിച്ച പാർട്ടി 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. കായംകുളം ഏരിയാ കമ്മിറ്റിയംഗമായിരുന്നു അപ്പോൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു.

വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് ബിപിൻ. പിന്നീട് വിഭാഗീയതയുടെ ഭാഗമായി പാർട്ടിയുമായി അകൽച്ചയിലായി. കായംകുളം കരീലക്കുളങ്ങര കളീയ്ക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ചു നടത്തിയതാണെന്നു ബിപിൻ സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞത് വിവാദമായി. ഈ കേസിൽ പ്രതിയായ ശേഷം ബിപിൻ വിട്ടയയ്ക്കപ്പെട്ടതാണ്. എന്നാൽ സത്യൻ വധക്കേസിൽ ബിപിനെ പ്രതിയാക്കിയതു പാർട്ടിയല്ലെന്നും സത്യന്റെ മൊഴി പ്രകാരമാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്ന താക്കീതും ബിപിന് അന്നു നൽകി.

ബിപിനെതിരായ അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞപ്പോൾ പാർട്ടി തിരിച്ചെടുത്തത് ബ്രാഞ്ച് അംഗമായി മാത്രമാണ്. ഇതിൽ ബിപിൻ അസ്വസ്ഥനായിരുന്നു. ബിപിന്റെ അമ്മ കെ.എൽ.പ്രസന്നകുമാരിയും സി.പി.എം. ഏരിയാ കമ്മിറ്റി അംഗമണ്. ഇവർ നേരത്തേ ബി.ഡി.ജെ.എസ്. നേതാക്കളുമായി ചർച്ച നടത്തിയത് വിവാദമായി. ഇതിനിടെയാണ് ബിപിൻ ബി.ജെ.പിയിൽ ചേക്കേറുന്നത്.

പാർട്ടി വിടുകയാണെന്നു പറഞ്ഞ് ബിപിനും പ്രസന്നകുമാരിയും പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തന്നെ പാർട്ടിക്കു കത്തുനല്കിയിരുന്നു. ബിപിൻ നാമനിർദ്ദേശ പത്രിക വാങ്ങി സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. എന്നാൽ, മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതോടെ രണ്ടുപേരും പാർട്ടി പരിപാടികളിൽ സജീവമായി. ബിപിൻ പാർട്ടിവിടുമെന്ന് സി.പി.എം. പ്രതീക്ഷിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് അതുണ്ടാകരുതെന്ന് അവർ ആഗ്രഹിച്ചതാണ് അനുനയിപ്പിക്കാൻ കാരണം. പിന്നീട് അമ്മയും മകനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഫലം വന്നപ്പോൾ ഇവരുടെ മേഖലയായ പത്തിയൂരിൽ പാർട്ടി ബഹുദൂരം പിന്നിലായി. ബി.ജെ.പിയുമായി ഒത്തുകളിച്ചെന്ന ആക്ഷേപം അന്നു തന്നെ ഇരുവർക്കുമെതിരെ ഉണ്ടായിരുന്നു. ആ രഹസ്യബാന്ധവം ബിപിൻ ബി.ജെ.പിയിൽ അംഗത്വമെടുത്ത് പരസ്യമാക്കി

ബിപിൻ ബാബുവിനെ പോലെ മധു മുല്ലശ്ശേരിയെ പിടിക്കുന്നതിലും വിജയിച്ചത് ബി.ജെ.പിയാണ്. ബി.ജെ.പി. നേതാക്കൾ മാത്രമല്ല, കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പി.വി.അൻവറും മധുവിനെ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയത് മധു തന്നെയാണ്. കോൺഗ്രസ് അത്ര ശക്തമല്ലെന്നും ശക്തമായ ഒരു ദേശീയ പാർട്ടിയെന്ന നിലയിലാണ് ബി.ജെ.പിയിലേക്കു പോകുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനു പുറമേ നരേന്ദ്രമോദി രാജ്യത്തു നടത്തുന്നത് വലിയ വികസനപരിപാടികളാണെന്നും അതുകൊണ്ടൊക്കെയാണ് ബി.ജെ.പി. തിരഞ്ഞെടുത്തതെന്നും മധു പറയുന്നു.

സി.പി.എം. ഏരിയാ സെക്രട്ടറി ബി.ജെ.പിയിലേക്കു വരുന്നത് ഏറെ ഗൗരവത്തോടെ കാണുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും തന്റെ വീട്ടിലെത്തിയതെന്ന് മധു കരുതുന്നു. ബുധനാഴ്ച രാവിലെ 10.30ന് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ദേഹത്തിന് അംഗത്വം നല്കും.

അതേസമയം മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേരുന്നത് പാർട്ടിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കങ്ങൾ സി.പി.എം. നടത്തുന്നുണ്ട്. ഏരിയാ സമ്മേളനത്തിൽ സെക്രട്ടറിയായിരുന്ന മധുവിനെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സാമ്പത്തിക ക്രമക്കേട്, മുതലാളിമാരുമായി വഴിവിട്ട സൗഹൃദം, സാധാരണ പ്രവർത്തകരെ അകറ്റിനിർത്തൽ എന്നിവയാണ് ഉയർന്ന പ്രധാന ആരോപണങ്ങൾ.

മധുവിനെതിരെ ഏരിയാ സമ്മേളനത്തിൽ ഉയർന്ന ആരോപണങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കുന്നതിന് സി.പി.എം. കേന്ദ്രങ്ങൾ നടപടികളാരംഭിച്ചിട്ടുണ്ട്. ഔദ്യോഗികമായി നേതാക്കൾ മധുവിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെങ്കിലും അണികൾ കടുത്ത വാശിയിലാണ്. അവർ മധുവിന്റെ ചെയ്തികൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയാക്കുന്നുണ്ട്.

പാർട്ടി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ക്രമക്കേടുകൾ പ്രതിനിധികൾ ഉയർത്തിക്കാട്ടിയത്. നിർമാണപ്രവർത്തനങ്ങൾക്കായി രണ്ട് ബാങ്കുകളിലെ അക്കൗണ്ട് വഴിയാണ് പണം സ്വരൂപിച്ചത്. ഒരു ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ മാത്രമാണ് കമ്മിറ്റിയെ അറിയിച്ചത്. ഓഡിറ്റ് കമ്മിറ്റിക്ക് രേഖകൾ കൈമാറാൻ സെക്രട്ടറി തയ്യാറായില്ല. രസീതുകളും വൗച്ചറുകളും ബില്ലുകളും ഹാജരാക്കിയില്ല. അതിനാൽ ഓഡിറ്റിങ് നടന്നിട്ടില്ല.

ഓഡിറ്റ് നടത്താത്ത കണക്കുകൾ കമ്മിറ്റിക്കുമുന്നിൽ വയ്ക്കാൻ ഏരിയാ സെക്രട്ടറി ശ്രമിച്ചെങ്കിലും എതിർപ്പിനെത്തുടർന്ന് അവതരിപ്പിക്കാനായില്ല. ഈ കണക്കുമായാണ് സമ്മേളനത്തിലേക്ക് കടന്നത്. പാർട്ടി ഓഫീസ് നിർമാണത്തിലെ വരവുചെലവു കണക്കുകൾ പൂർണമായി കമ്മിറ്റിക്കുമുന്നിൽ വയ്ക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. രക്ഷിക്കാനും ശിക്ഷിക്കാനും മുതലാളിമാർ പറയണമെന്നതായി സ്ഥിതി. സാധാരണ പാർട്ടിപ്രവർത്തകരോട് ഏരിയാ സെക്രട്ടറിക്ക് പുച്ഛമാണ്. അവർക്ക് സമീപിക്കാൻ പറ്റാത്ത നേതാവായി ഏരിയാ സെക്രട്ടറി മാറി. ഇവയാണ് മധുവിനെതിരെ ഉയർന്ന ആരോപണങ്ങൾ.

തുടർച്ചയായി രണ്ടുതവണ മംഗലപുരം ഏരിയാ സെക്രട്ടറിയായ ആളാണ് മധു മുല്ലശ്ശേരി. നേരത്തേതന്നെ നിരവധി പരാതികൾ ജില്ലാനേതൃത്വത്തിന് ലഭിച്ചിരുന്നതിനാൽ ഇത്തവണത്തെ സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റാൻ നേതൃത്വം മുൻകൂട്ടി തീരുമാനമെടുത്തിരുന്നു. ഒരുതവണകൂടി ഏരിയാ സെക്രട്ടറിയായി തുടരണമെന്നതായിരുന്നു മധു മുല്ലശ്ശേരിയുടെ ആവശ്യം. ചർച്ചകൾക്കുള്ള മറുപടി പൂർത്തിയാക്കിയശേഷം ഏരിയാ സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മധു മുല്ലശ്ശേരി യോഗത്തിൽ നിന്നിറങ്ങിപ്പോയത്.

സി.പി.എം. മംഗലപുരം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം

ഇറങ്ങിപ്പോയ മധു മുല്ലശ്ശേരിയെ ജില്ലാ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് വീണ്ടും സമ്മേളനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് ജില്ലാസമ്മേളന പ്രതിനിധികളുടെയും പുതിയ ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും പേരുകൾ പ്രഖ്യാപിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് പേര് നിർദേശിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടു. അഴൂരിൽ നിന്നുള്ള പ്രതിനിധിയായ അനിൽ, മധു മുല്ലശ്ശേരിയുടെ പേര് നിർദ്ദേശിക്കുകയും കഠിനംകുളത്തുനിന്നുള്ള ഹരിപ്രസാദ് പിൻതാങ്ങുകയും ചെയ്തു. കമ്മിറ്റിയിലെ മറ്റു രണ്ടംഗങ്ങൾ കൂടി മധു മുല്ലശ്ശേരിയെ പിൻതാങ്ങി. എം.ജലീലിന്റെ പേരും നിർദ്ദേശിക്കപ്പെട്ടു. മറ്റുള്ളവർ ജലീലിന് പിൻതുണ അറിയിച്ചു. 21 അംഗ കമ്മിറ്റിയിൽ 16 വോട്ട് ജലീലിനും 5 വോട്ട് മധു മുല്ലശ്ശേരിക്കും ലഭിച്ചു. ഇതോടെ മധു മുല്ലശ്ശേരി സമ്മേളനവേദി വിടുകയും പുറത്തിറങ്ങി പാർട്ടി വിടുന്നതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

നേതൃത്വം തനിക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയതോടെ അന്വേഷണവും നടപടിയും മധു തിരിച്ചറിഞ്ഞു എന്നതാണ് സത്യം. അങ്ങനെ പുറത്തായാൽ തന്റെ രാഷ്ട്രീയഭാവി ഇരുളടയുമെന്ന് മനസ്സിലാക്കിയാണ് മധുവിന്റെ അപ്രതീക്ഷിത നീക്കം. അത് ബി.ജെ.പിക്ക് ലോട്ടറിയായി മാറുകയും ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks