Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യ ഘട്ട കംപ്ലീഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് കൈമാറി. ആദ്യഘട്ട നിർമ്മാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായതായി അദാനി പോർട്ടാണ് അറിയിച്ചത്. മദ്രാസ് ഐ.ഐ.ടി. ഇൻഡിപെൻഡന്റ് എൻജിനീയർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് സർക്കാരിനു കൈമാറി.
അഭിമാനനിമിഷം ആണെന്നും കരാർ പ്രകാരം നിശ്ചയിച്ച ഡിസംബർ 3 എന്ന കാലപരിധി പാലിക്കാൻ കഴിഞ്ഞുവെന്നും തുറമുഖ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ട്രയൽ റണ്ണിന്റെ ഭാഗമായി അൾട്രാ ലാർജ് മദർഷിപ്പുകൾ ഉൾപ്പെടെ 70 ചരക്കു കപ്പലുകൾ എത്തുകയും 1.47 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
രണ്ടാംഘട്ടത്തിന്റെ സപ്ലിമെന്ററി കരാർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. നാലു ഘട്ടങ്ങൾ 2028ഓടു കൂടി പൂർത്തീകരിച്ച് തുറമുഖം പൂർണ സജ്ജമാക്കുക എന്നതാണ് ആ കരാറിന്റെ ഉള്ളടക്കം.മുൻപുണ്ടായിരുന്ന ധാരണയ്ക്കപ്പുറം 2034 മുതൽ ഒരു ശതമാനം വരുമാനം സർക്കാരിന് ലഭിക്കുന്ന തരത്തിലാണ് കരാർ എന്നും മന്ത്രി പറഞ്ഞു.
വിസിൽ എം.ഡി. ദിവ്യ എസ്.അയ്യരും അദാനി പോർട്സ് അധികൃതരും ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബോർഡ് യോഗം ചേർന്നു തുറമുഖത്തിന്റെ കമ്മിഷനിങ് തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.