Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: അർഹതയില്ലാത്തവർ ക്ഷേമ പെൻഷൻ വാങ്ങുന്നതു സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ അഗ്രം മാത്രമെന്നു സൂചന. കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ ഓരോ ദിവസവും പുതിയതായി പുറത്തുവരികയാണ്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പെൻഷൻ തട്ടിപ്പിന്റെ വിവരങ്ങളാണ് ഒടുവിൽ പുറത്തുവന്നിട്ടുള്ളത്. മുസ്ലിം ലീഗാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന അഞ്ചു പേരുടെ വീട്ടിൽ എ.സിയുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. മൂന്നി പേർ 2000ലധികം ചതുരശ്രഅടി വസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരുമാണ്.
പുഷ്പലത, അബൂബക്കർ പൊയിൽതൊടി, ടി.പി.അബ്ദുള്ള, നഫീസ, നാരായണൻ നായർ എന്നീ അഞ്ച് ഗുണഭോക്താക്കൾ താമസിക്കുന്ന വീടുകളിലാണ് എ.സിയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയത്. ജമീല നാടകശ്ശേരി, സഫിയ കാവുന്നത്ത്, മൊയ്തീൻകോയ നാടകശ്ശേരി എന്നിവരാണ് വലിയ വീടുകളിൽ താമസിച്ച് പെൻഷൻ വാങ്ങുന്നവർ.
പഞ്ചായത്തിലെ സ്ഥിരം സമിതി മിനിട്ട്‌സ് ബുക്ക്, മറ്റ് രേഖകൾ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഈ ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിക്കുകയും ഫീൽഡ് തല പരിശോധനയും വിലയിരുത്തലും നടത്തിയത്. പെൻഷൻ വാങ്ങുന്ന 17 ഗുണഭോക്തക്കളെയാണ് പരിശോധിച്ചത്. അതിൽ അനർഹരായി കണ്ടെത്തിയ എട്ടു പേരുടെ ക്ഷേമ പെൻഷനുകൾ റദ്ദാക്കുന്നതിന് ഗ്രാമപഞ്ചയത്ത് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് റിപ്പോർട്ടിൽ ധനവകുപ്പ് ശുപാർശ ചെയ്തു.
പട്ടികയിലുള്ള നഫീസ വിധവ പെൻഷൻ ഗുണഭോക്താവും മറ്റുള്ളവർ വാർധക്യകാല പെൻഷൻ ഗുണഭോക്താക്കളുമാണ്. ഇത്തരത്തിൽ വീടുകളിൽ എ.സിയുള്ള അപേക്ഷകർക്ക് പെൻഷൻ അനുവദിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഗ്രമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി. ഈ അപേക്ഷകളുടെ ഭൗതിക സാഹചര്യ പരിശോധനയുടെ സമയത്ത് താമസിക്കുന്ന വീട്ടിൽ എ.സി ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് പെൻഷൻ അനുവദിച്ചതെന്നുമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയിരിക്കുന്ന മറുപടി.
ഫീൽഡുതല പരിശോധന നടത്തിയതിൽ ജമീല നാടകശ്ശേരി, മൊയ്തീൻകോയ നാടകശ്ശേരി എന്നിവർ ഭാര്യാ ഭർത്താക്കൻമാരാണെന്നും കണ്ടെത്തി. ഇവർ താമസിക്കുന്ന, മൊയ്തീൻ കോയയുടെ പേരിലുള്ള വീടിന് നിലവിൽ 2,597.97 ചതുരശ്ര അടി വിസ്തീർണവുണ്ട്. ഇതിൽ 1,413.94 ചതുരശ്ര അടി വരുന്ന ഭാഗം പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സഫിയ കാവുന്നത്തിന്റെ പെൻഷൻ അപേക്ഷയിൽ വീട്ടുനമ്പർ 369 ആണ്. എന്നാൽ, പരിശോധനയിൽ ഇവർക്ക് 2,234.37 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട്. മകന്റെ പേരിലുള്ള 369 എ എന്ന വീട്ടിലാണ് താമസിക്കുന്നത്. ക്രമനമ്പർ ഏഴ് ആയ അബൂബക്കറുടെ പെൻഷൻ നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുള്ളതുമാണ്. ഇദ്ദേഹം 2023 മാർച്ച് 17ന് അന്തരിച്ചു.