മുംബൈ: വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ കണക്കുകള്‍പ്രകാരം ആഗോള വിപണിയുടെ 15.5 ശതമാനം വിഹിതമാണ് ഇന്ത്യക്കുള്ളത്. 22 ശതമാനം വിപണി വിഹിതമുള്ള ചൈനയാണു മുന്നില്‍.
Follow the FOURTH PILLAR LIVE channel on WhatsApp
സ്മാര്‍ട്ട്‌ഫോണ്‍ വിപണി സംബന്ധിച്ച് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഇപ്പോഴും. 12.3 ശതമാനമാണ് വിപണി വിഹിതം. മുമ്പിത് 12.1 ശതമാനമായിരുന്നു. 31 ശതമാനം വിപണി വിഹിതവുമായി ചൈനയാണ് ഒന്നാമത്. 19 ശതമാനം വിഹിതമുള്ള അമേരിക്ക രണ്ടാമതാണ്.
140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇപ്പോഴും വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലാണെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് സ്ഥാപകന്‍ നീല്‍ ഷാ പറയുന്നു. നിലവില്‍ 69 കോടി സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. മറ്റു മേഖലകളിലേതുപോലെ പ്രീമിയം ഉത്പന്നത്തിലേക്കുള്ള മാറ്റം സ്മാര്‍ട്ട്‌ഫോണുകളിലും പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ മൂല്യത്തിലും ഇന്ത്യ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.
ജൂലൈ-സെപ്റ്റംബര്‍ കാലത്ത് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മൂന്നു ശതമാനം വര്‍ധനയാണുണ്ടായത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ച്ച 12 ശതമാനമാണ്. ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം ഫോണുകളിലേക്കുള്ള മാറ്റമാണ് ഇതു സൂചിപ്പിക്കുന്നത്.
പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്പനയില്‍ സാംസങ്, ആപ്പിള്‍ കമ്പനികളാണ് രാജ്യത്തു മുന്നില്‍. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 44.6 ശതമാനം വിപണി വിഹിതവും ഈ രണ്ടു കമ്പനികള്‍ക്കാണ്. ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്പനയിലെ വളര്‍ച്ച രണ്ടു ശതമാനം മാത്രമാണ്.