29 C
Trivandrum
Sunday, December 14, 2025

താരിഫ് പിൻവലിച്ചാൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് ട്രംപ്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: യു എസ് ഏർപ്പെടുത്തിയ അധിക തീരുവ ചർച്ചയായതിന് പിന്നാലെ മറുപടി പോസ്റ്റുമായി ഡോണാൾഡ് ട്രംപ്. യുഎസ് തീരുവ വർധനവ് കോടതികൾ റദ്ദാക്കിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ വാദം. ഇറക്കുമതി തീരുവ വർധനവ് ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടമുണ്ടാക്കിയെന്നും സർക്കാർ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാക്കിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ അവകാശപ്പെട്ടു.

‘തീരുവ വർധനവ് ഓഹരി വിപണിയിൽ വലിയ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. മിക്കവാറും എല്ലാ ദിവസവും പുതിയ റെക്കോർഡുകൾ സ്ഥാപിക്കപ്പെടുന്നു. നൂറുകണക്കിന് ബില്യൺ ഡോളർ യുഎസ് ഖജനാവിലേക്ക് ഒഴുകിയെത്തുകയാണ്. കോടതി നമുക്കെതിരെ വിധി പ്രസ്താവിച്ചാൽ, ഈ ഭീമമായ തുകകൾ വീണ്ടെടുക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യുന്നത് അസാധ്യമായിരിക്കും. 1929 പോലെ വീണ്ടും ഒരു വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ഉണ്ടാവുക. തുടക്കത്തിൽ തന്നെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിന്, ഇനി ഒരിക്കലും ഇത്തരമൊരു മഹത്വം അനുഭവിക്കാൻ അവസരം ലഭിക്കില്ലെങ്കിലും, 1929 ലെ പോലെയൊരു അപകടത്തിലേക്ക് എത്താനുള്ള സാഹചര്യമുണ്ടാകില്ലായിരുന്നു. ഇത്തരമൊരു ജുഡീഷ്യൽ ദുരന്തത്തിൽ നിന്ന് അമേരിക്കയ്ക്ക് കരകയറാൻ ഒരു വഴിയുമില്ല’. ട്രംപ് പറഞ്ഞു.

‘നമ്മുടെ കോടതി വ്യവസ്ഥയെ മറ്റാരെക്കാളും നന്നായി തനിക്കറിയാം, തന്നെപ്പോലെ പരീക്ഷണങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോയ ആരും ചരിത്രത്തിലില്ല. തികച്ചും ഭയാനകവും എന്നാൽ അതിശയകരമാംവിധം മനോഹരവുമായ കാര്യങ്ങൾ സംഭവിക്കാം. അമേരിക്ക വിജയവും മഹത്വവുമാണ് അർഹിക്കുന്നത്, അല്ലാതെ പ്രക്ഷോഭവും പരാജയവും അപമാനവുമല്ല. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!’. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

60-ൽ അധികം രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമനമോ അതിൽ കൂടുതലോ തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനവും തായ്‌വാൻ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 20% തീരുവയുമാണ് നികുതി ചുമത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ്, റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% സർചാർജും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യയുടേമേൽ ചുമത്തിയ ഇറക്കുമതി തീരുവ 50 ശതമാനമായി.

 

 

Recent Articles

Related Articles

Special

Enable Notifications OK No thanks