ഇന്ത്യ-അമേരിക്ക തീരുവ തർക്കം; വാദങ്ങൾ തള്ളി ഇന്ത്യ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇന്ത്യ – അമേരിക്ക തീരുവ തർക്കത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന റിപ്പോർട്ടാണ് മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം നിഷേധിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിൽ അന്തിമധാരണയാകാത്തതിന് പിന്നാലെ ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം, തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം സാമൂഹികമാധ്യമമായ എക്‌സിൽ അറിയിച്ചു.യുഎസുമായുള്ള ഉഭയകക്ഷി കരാറുകൾ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികൾ തുടരുന്ന പക്ഷം അവ മരവിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ 25 ശതമാനം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഇരുകൂട്ടർക്കും പ്രയോജനകരമായ കരാറിലേക്ക് എത്തിച്ചേരാനുള്ള അതിതീവ്രശ്രമങ്ങളിലാണ് രണ്ടുരാജ്യങ്ങളുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചകളിൽ പങ്കെടുക്കുന്നതിനായി യുഎസിൽനിന്നുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 24-ാം തീയതി ന്യൂഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

Recent Articles

Related Articles

Special