Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൂത്തമകനും എം.കെ.സ്റ്റാലിൻ്റെ അർധസഹോദരനുമായ എം.കെ.മുത്തു (77) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബം മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു മുത്തുവിൻ്റെ അന്ത്യം. നടനും, ഗായകനുമായ മുത്തു കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതിയുടെ മൂത്ത മകനാണ്.
എം.കെ.മുത്തുവിൻ്റെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അർധസഹോദരനുമായ എം.കെ.സ്റ്റാലിന്‍ അനുശോചിച്ചു. പിതാവിനെപ്പോലെ തന്നെ സ്‌നേഹിച്ചിരുന്നയാളാണ് സഹോദരന്‍ എന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
“കരുണാനിധിയുടെ പാത പിന്തുടര്‍ന്ന വ്യക്തിയാണ് എം.കെ.മുത്തു. കലാരംഗത്ത് നിന്നും രാഷ്ട്രീയത്തിലെത്തി. ദ്രാവിഡര്‍ക്ക് വേണ്ടി പോരാടി. സിനിമയില്‍ നായകനായി, ആദ്യ സിനിമയില്‍ ഇരട്ടവേഷം ചെയ്തു. തൻ്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓര്‍മകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും” -സ്റ്റാലിൻ കുറിച്ചു.