Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: വർഷങ്ങളായി പ്രവർത്തനമില്ലാത്ത സംസ്ഥാനത്തെ 7 രാഷ്ട്രീയപാർട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ റദ്ദാക്കും. 6 വർഷമായി ഒരു തിരഞ്ഞെടുപ്പിൽപ്പോലും മത്സരിക്കാത്ത പാർട്ടികളാണിവ ഏഴും. പാർട്ടികളുടെ ജനറൽ സെക്രട്ടറിമാരോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ.) വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രപ്പരസ്യവും നൽകി. ഈ 7 പാർട്ടിപ്രതിനിധികൾ ചൊവ്വാഴ്ച 11ന് സി.ഇ.ഒയെ കണ്ട് വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അംഗീകാരം റദ്ദാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശനൽകും.
നേതാജി ആദർശ് പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, സെക്യുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്), നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുടെ അംഗീകാരമാണ് ഇല്ലാതാകാൻ പോകുന്നത്.
ബാബു ദിവാകരൻ ആർ.എസ്.പിയിൽ നിന്ന് പിരിഞ്ഞ് രൂപവത്കരിച്ച പാർട്ടിയാണ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). ബാബു ദിവാകരൻ ഇപ്പോൾ ഔദ്യോഗിക ആർ.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗവും യു.ടി.യു.സിയുടെ സംസ്ഥാന പ്രസിഡൻ്റും കേന്ദ്ര വർക്കിങ് പ്രസിഡന്റുമാണ്. എ.വി.താമരാക്ഷൻ്റെ നേതൃത്വത്തിലുണ്ടായതാണ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്).
1951ലെ ജനപ്രാതിനിധ്യനിയമപ്രകാരം രജിസ്റ്റർചെയ്ത പാർട്ടികൾക്ക് ആദായനികുതി ഇളവ്, പൊതുചിഹ്നം, താരപ്രചാരകരുടെ നാമനിർദേശം തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്.