29 C
Trivandrum
Tuesday, July 22, 2025

ബിഹാറിൽ സൗജന്യ പെരുമഴ; വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

Follow the FOURTH PILLAR LIVE channel on WhatsApp 

പട്ന : നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന ബിഹാറിൽ സൗജന്യ പെരുമഴയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത്. അടുത്ത മാസം ഒന്നാം തീയതി മുതൽ ബീഹാറിലെ മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് നിതീഷ്കുമാർ പ്രഖ്യാപിച്ചത്. ഈ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും എക്‌സിലൂടെ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

“തുടക്കം മുതലേ സർക്കാർ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നു. 2025 ഓഗസ്റ്റ് 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം നൽകേണ്ടതില്ലെന്ന് സർ‌ക്കാർ തീരുമാനിച്ചു,” നിതീഷ് കുമാർ എക്‌സിൽ കുറിച്ചു. അടുത്ത 3 കൊല്ലത്തിനിടെ, വീട്ടുടമകളുടെ അനുവാദത്തോടെ കെട്ടിടങ്ങളുടെ മുകളിലോ അല്ലെങ്കിൽ സമീപത്തെ പൊതുസ്ഥലങ്ങളിലോ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

അതിദരിദ്ര കുടുംബങ്ങളുടെ മേൽക്കൂരകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാവശ്യമായ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. മറ്റുള്ളവർക്ക് കുടിർ ജ്യോതി പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ഈ മാസം എട്ടിന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം അവസാനം ഒക്ടോബറിലോ നവംബറിലോ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

Recent Articles

Related Articles

Special

Enable Notifications OK No thanks