Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമാണ് ഇദ്ദേഹം.
എബ്രഹാം 2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിൻ്റെ വിധി.
കൊച്ചി സി.ബി.ഐ. യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. സംസ്ഥാന വിജിലൻസ് എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് ഹൈകോടതിയിൽ ഹർജി നൽകിയത്. ശമ്പളത്തെക്കാൾ കൂടുതൽ തുക എല്ലാ മാസവും ലോൺ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം.എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളിൽ കോടികൾ വിലവരുന്ന വസ്തുവകകൾ എബ്രഹാംവാങ്ങിക്കൂട്ടിയെന്നും ആരോപിച്ചു.