Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ദേശസ്നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങൾ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം ഡീകംപെൻസേറ്റഡ് ലിവർ സിറോസിസും ഒരു മരണകാരമാണ്. ശനിയാഴ്ച രാവിലെയാണ് സംസ്കാരം.
1937ൽ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള അബോട്ടാബാദിലാണ് ഹരികൃഷ്ണൻ ഗോസ്വാമി എന്ന അദ്ദേഹത്തിൻ്റെ ജനനം. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്ക് കുടിയേറി. ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍നിന്ന് ബിരുദം നേടി. നടന്‍ ദിലീപ് കുമാറിൻ്റെ കടുത്ത ആരാധകനായിരുന്നതിനാലാണ് മനോജ് കുമാര്‍ എന്ന പേര് സ്വീകരിച്ചത്.
1957ൽ ഫാഷൻ എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1961ൽ പുറത്തിറങ്ങിയ കാഞ്ച് കി ഗുഡിയയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധനേടി രാജ് ഖോസ്ലയുടെ സംവിധാനത്തില്‍ 1964-ല്‍ പുറത്തിറങ്ങിയ വോ കോന്‍ ഥി എന്ന ത്രില്ലര്‍ സിനിമ വന്‍വിജയമായതോടെ രാജ്യമൊട്ടാകെ പ്രശസ്തി നേടി. ഉപ്കാർ (1967), പുരബ് ഔർ പശ്ചിം (1970), ക്രാന്തി (1981) തുടങ്ങി ദേശസ്നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലെ വേഷങ്ങൾ അദ്ദേഹത്തിനു ‘ഭാരത് കുമാർ’ എന്ന വിളിപ്പേരു നേടിക്കൊടുത്തു. മേരാ നാം ജോക്കര്‍, റോട്ടി കപട ഔര്‍ മകാന്‍, ഷഹീദ്, ഗുംനാം എന്നിവയും അദ്ദേഹത്തിൻ്റെ പ്രശസ്ത ചിത്രങ്ങളാണ്.
നടനും സംവിധായകനും എന്നതിനു പുറമേ തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ എന്നീ നിലകളിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മനോജ് കുമാർ. ഉപ്കാര്‍, ക്ലര്‍ക്ക്, ഷോര്‍, പുരബ് ഔര്‍ പശ്ചിം, റോട്ടി കപട ഔര്‍ മകാന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരവും 7 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചു.
അനശ്വരമായ ഒട്ടേറെ ഹിന്ദിഗാനങ്ങളിൽ മനോജ് കുമാറിൻ്റെ പ്രകടനം വേറിട്ടുനിന്നു. 1960കളിലെയും 1970കളിലെയും പ്രണയാതുരമായ ഒട്ടേറെ ഗാനങ്ങൾക്ക് സ്‌ക്രീനിൽ ജീവൻ നൽകിയത് മനോജ് കുമാർ ആിരുന്നു.