29 C
Trivandrum
Sunday, April 20, 2025

സുരേഷ് ഗോപി പറയുന്നത് ബി.ജെ.പി. പോലും കാര്യമായി എടുക്കുന്നില്ല; കണക്കിന് കളിയാക്കി ജോൺ ബ്രിട്ടാസ്

Follow the FOURTH PILLAR LIVE channel on WhatsApp 

മധുര: സുരേഷ് ​ഗോപിക്കെതിരെ ആഞ്ഞടിച്ച് ഡോ.ജോൺ ബ്രിട്ടാസ് എം.പി. സുരേഷ് ഗോപി പറയുന്നതിനെ അദ്ദേഹത്തിൻ്റെ പാർട്ടി പോലും ഗൗരവമായെടുക്കുന്നില്ലെന്നും സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും തിരക്കഥാകൃത്തിൻ്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോള്‍ സുരേഷ് ഗോപി മാധ്യമങ്ങളോട് കയര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

പാര്‍ലമെൻ്റില്‍ യൂദാസ്, എമ്പുരാനിലെ കഥാപാത്രം മുന്ന എന്നൊക്കെ പരാമര്‍ശിച്ചത് സുരേഷ് ഗോപിയെയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. രാഷ്ട്രീയ പ്രസംഗങ്ങളില്‍ അത്തരം പ്രയോഗങ്ങളൊക്കെ സ്വാഭാവികമാണ്. അത് തന്നെയാണെന്ന് കരുതി സുരേഷ് ഗോപി ചാടിയിറങ്ങിയത് എന്തിനാണെന്നാണ് തന്നോട് മറ്റുള്ളവര്‍ ചോദിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേന്ദ്ര സഹമന്ത്രിയാണെങ്കിലും സുരേഷ് ഗോപിയുടെ വാക്കുകള്‍ കാര്യമായെടുക്കരുതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കാരണം അദ്ദേഹം പറയുന്നതിനെ അദ്ദേഹം പോലും കാര്യമായെടുക്കുന്നില്ല. അദ്ദേഹത്തിൻ്റെ പാര്‍ട്ടിപോലും കാര്യമായെടുക്കുന്നില്ല. സുരേഷ്‌ ഗോപി ഏത് പാര്‍ട്ടിയിലാണെന്ന കാര്യം സുരേഷ്‌ ഗോപിക്കറിയില്ല. ബി.ജെ.പിക്ക് പോലും അതില്‍ സംശയമുണ്ട്. അങ്ങനെ ഒരു വ്യക്തി പറയുന്ന കാര്യത്തിൻ്റെ സൂക്ഷ്മതലങ്ങള്‍ വിലയിരുത്തി അതിനെ തൂക്കിനോക്കുന്നതില്‍ അര്‍ത്ഥമില്ല.’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

‘കാലിക രാഷ്ട്രീയത്തേക്കുറിച്ച് ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് കുറേക്കൂടി സഭ്യമായി പ്രതികരിക്കാവുന്നതാണ്. പക്ഷേ അദ്ദേഹത്തെ ഞാന്‍ കുറ്റം പറയില്ല. കാരണം അദ്ദേഹം ദീര്‍ഘകാലം ഒരു തിരക്കഥാകൃത്തിൻ്റെ സഹായത്തിലാണ് വിരാജിച്ചത്. അദ്ദേഹത്തിൻ്റെ സിനിമാ നടനെന്ന പരിവേഷമാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്നെ സഹായകമായത്. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു തിരക്കഥാകൃത്തിനെ നല്‍കാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കണം. കുറേക്കൂടി യുക്തിഭദ്രമായി രാഷ്ട്രീയ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ക്കും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാവുന്നതാണ്’ -ബ്രിട്ടാസ് നിർദ്ദേശിച്ചു.

കേരളത്തില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കരുതെന്ന് താനോ തൻ്റെ പാര്‍ട്ടിയോ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ബ്രിട്ടാസ്, കേരള സ്റ്റോറി ഉള്‍പ്പടെ രാഷ്ട്രീയ പ്രൊപ്പഗണ്ടയുടെ ഭാഗമായി സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട ചില സിനിമകള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നുള്ളത് ശരിയാണെന്നും എന്നാല്‍ ആ സിനിമകളൊക്കെ ആവോളം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടും അത് കാണാന്‍ ആരുമെത്തിയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. വേണമെങ്കില്‍, ടി.പി. 51 എന്ന ചിത്രം ബി.ജെ.പിക്ക് സ്വാധീനമുള്ള ഏതെങ്കിലും ചാനലില്‍ കാണിക്കട്ടെ. എന്തിനാണ് കൈരളിയോട് അത് ആവശ്യപ്പെടുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.

സുരേഷ് ഗോപി തൻ്റെ ശത്രുവൊന്നുമല്ല മിത്രമാണെന്നും ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെൻ്റില്‍ നിന്നിറങ്ങിയപ്പോഴും ഊഷ്മളതയോടെയാണ് അദ്ദേഹം തന്നോട് സംസാരിച്ചത്. ഇപ്പോള്‍ ശത്രുവിനെ പോലെ സംസാരിക്കുന്നത് നടനകലയിലുള്ള അദ്ദേഹത്തിൻ്റെ വൈഭവമായിരിക്കാമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks