Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരേ ആരോപണമുന്നയിച്ച യുവതി ബി.ജെ.പി. ഭാരവാഹിയായി ചുമതലയേറ്റു. എരഞ്ഞോളിയിലെ സീനയാണ് ബി.ജെ.പി. തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്. സീന തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
2024 ജൂണ്‍ 18നാണ് എരഞ്ഞോളി കുടക്കളത്ത് ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ സ്‌ഫോടനമുണ്ടായത്. പറമ്പില്‍ തേങ്ങയെടുക്കാനെത്തിയ കുടക്കളം ആയിനാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധനാണ് (85)ബോംബ് പൊട്ടി മരിച്ചത്. ബോംബ് സ്‌ഫോടനം വാര്‍ത്തയായതിന് പിന്നാലെ വേലായുധൻ്റെ അയല്‍വാസിയായ സീന അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തലുകള്‍ എന്ന പേരിൽ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. പ്രദേശം ബോംബ് നിര്‍മാണ ഹബ്ബാണെന്നും സി.പി.എം. പ്രവര്‍ത്തകര്‍ പറമ്പില്‍നിന്ന് ബോംബുകള്‍ എടുത്തുമാറ്റിയെന്നുമാണ് രാഷ്ട്രീയമില്ലാത്ത വ്യക്തി ചമഞ്ഞ് സീന അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പിന്നീട് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സി.പി.എം. പ്രാദേശിക നേതാക്കള്‍ തൻ്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സീന അന്ന് ആരോപിച്ചിരുന്നു. മകളെ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി തൻ്റെ അമ്മയോട് പറഞ്ഞതെന്നും സീന പറഞ്ഞിരുന്നു. എന്നാല്‍, സീനയുടെ വെളിപ്പെടുത്തലുകളും ഇവര്‍ ഉന്നയിച്ച ആരോപണങ്ങളും സി.പി.എം. നിഷേധിച്ചു. ബി.ജെ.പി. ഭാരവാഹി ആയതോടെ സീനയുടെ കള്ളി വെളിച്ചത്താവുകയും സി.പി.എമ്മിൻ്റെ വാദം ശരിയാവുകയും ചെയ്തിരിക്കുകയാണ്.