Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പണിയുന്ന റെയിൽപ്പാതയുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതി. തുറമുഖത്തുനിന്ന് കണ്ടെയ്‌നറുകൾ തീവണ്ടിമാർഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം – കന്യാകുമാരി പാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിരേഖയ്ക്കാണ് (ഡി.പി.ആർ.) മന്ത്രിസഭ അനുമതി നൽകിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി (വിസിൽ) കൊങ്കൺ റെയിൽവേയാണ് പാത പണിയുന്നത്. 1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. 10.7 കിലോമീറ്റർ പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ആയിരിക്കും.
സാഗർമാല, റെയിൽ സാഗർ, പി.എം. ഗതിശക്തി തുടങ്ങിയ കേന്ദ്ര പദ്ധതികളിൽക്കൂടി തുരങ്കപാതയ്ക്ക് പണം കണ്ടെത്താൻ വിസിൽ ശ്രമിക്കുന്നുണ്ട്. ഇത് സാധ്യമായില്ലെങ്കിൽ നബാർഡ് വായ്പയെ ആശ്രയിക്കും. വിഴിഞ്ഞം- ബാലരാമപുരം റോഡിന് സമാന്തരമായാണ് തീവണ്ടിപ്പാത. തറനിരപ്പിൽനിന്ന് 15 മുതൽ 30 വരെ മീറ്റർ താഴ്ചയിലായിരിക്കും.
റെയിൽപ്പാത പൂർത്തിയാകുന്നതോടെ 240 കോടി മുടക്കി ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ച് സിഗ്നലിങ് സ്റ്റേഷനാക്കി മാറ്റും. നിലവിലുള്ളതിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരുക. റെയിൽവേ ആയിരിക്കും വിസിലിനായി സ്റ്റേഷൻ നവീകരണം ഏറ്റെടുക്കുക. 2028ൽ തീവണ്ടിപ്പാത പൂർത്തിയാക്കാനാണ് ലക്ഷ്യം.
ജനസാന്ദ്രത കൂടിയ പ്രദേശമായതിനാലാണ് തുരങ്കപാത പണിയാൻ തീരുമാനിച്ചത്. ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിൽനിന്നായി 6.04 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.
2018ലാണ് സാധ്യതാപഠനത്തിനും നിർമാണത്തിനുമായി കൊങ്കൺ റെയിൽവേ കോർപ്പറേഷനുമായി വിഴിഞ്ഞം തുറമുഖക്കമ്പനി ധാരണാപത്രം ഒപ്പിടുന്നത്. 1032 കോടിയായിരുന്നു അന്ന് നിർമാണച്ചെലവായി കണക്കാക്കിയിരുന്നത്.