29 C
Trivandrum
Friday, April 25, 2025

വികസനം വിലയിരുത്താൻ മേഖലാ അവലോകന യോഗങ്ങൾ ചേരുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും. മെയ് മാസത്തിൽ 4 മേഖലകളിലാണ് യോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷൻമാരും ചേർന്ന് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങൾ നേരിടുന്നുണ്ടങ്കിൽ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂർ ജില്ലയിലും പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.

2023ലെ അവലോകന യോഗത്തിൽ പരിഗണിച്ചവയിൽ ഇനിയും പൂർണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എം.എൽ.എമാരുമായി നടത്തിയ യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവർത്തനങ്ങൾ, നവകേരള സദസ്സിൻ്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിൻ്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തിൽപ്പെടുന്ന വിഷയങ്ങൾ മേഖലാ അവലോകന യോഗങ്ങളിൽ പരിഗണിക്കും.

സർക്കാർ മുൻഗണന നൽകുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജനം, നവകേരള മിഷൻ, മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മേഖലാ അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൻ്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി.

Recent Articles

Related Articles

Special

Enable Notifications OK No thanks