29 C
Trivandrum
Friday, April 25, 2025

മറ്റൊരു കേരള മാതൃക കൂടി; സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഒരു കാര്യത്തിൽ കൂടി കേരളം രാജ്യത്തിനു മാതൃകയാവുന്നു. സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന വ്യവസ്ഥ പ്രാവ‍‍ർത്തികമാക്കുന്നതിലൂടെയാണ് കേരളം മാതൃകയാവുന്നത്.

സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യസ്ഥാപനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കു തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്നു തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നല്കി. ഇരിപ്പിടത്തിനു പുറമെ പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്നും തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ – സംസ്ഥാന പാതകളോട് ചേർന്നു പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റസ്റ്റാറൻ്റുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്കു ഉപഭോക്താക്കളെ എത്തിക്കുന്നതിനായി മണിക്കൂറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.

ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കു സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ-നൈറ്റ് റിഫ്ലക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപവത്കരിച്ച് പരിശോധനകൾ നടത്തണമെന്നും ശിവൻകുട്ടി നിർദ്ദേശം നല്കി.

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേതനം, ഓവര്‍ടൈം വേതനം, അര്‍ഹമായ ലീവുകള്‍, തൊഴില്‍പരമായ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks