29 C
Trivandrum
Saturday, March 15, 2025

വയനാട് പുനരധിവാസം: കേരളത്തിന് പണം നൽകില്ലെന്ന്‌ കേന്ദ്രം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ കേരളത്തെ പൂർണമായും കൈയൊഴിഞ്ഞ്‌ കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ സ്വന്തംനിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനരധിവാസത്തിന്‌ തുക അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഹൈക്കോടതിയിൽ വ്യക്തമായ മറുപടി പറയാതെ മാസങ്ങളോളം നടത്തിയ ഒളിച്ചുകളിക്ക്‌ ഒടുവിലാണ്‌ കേന്ദ്രസർക്കാർ നിലപാട്‌ അറിയിച്ചത്‌.

ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ കേന്ദ്ര സർക്കാരിനെ ആശ്രയിക്കരുതെന്ന നിലപാടെടുത്ത കേന്ദ്രം, വായ്പ എഴുതിത്തള്ളുന്നതിൽ മൂന്നാഴ്ചയ്‌ക്കകം തീരുമാനം അറിയിക്കാമെന്നും പറഞ്ഞു. കോവിഡ്‌ കാലത്തുപോലും വായ്പയ്ക്ക് മോറട്ടോറിയംമാത്രമാണ് നൽകിയതെന്നും കേന്ദ്രം വ്യക്തമാക്കി.

അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാൽ വായ്പ എഴുതിത്തള്ളുന്നതിൽ നടപടിയെടുക്കാൻ എന്താണ് തടസ്സമെന്നും ഒരാഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകണമെന്നും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. മറുപടി നൽകാൻ കേന്ദ്രം കൂടുതൽ സമയംതേടി.

കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കിയതോടെ, ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തംനിലയിൽ തുക കണ്ടെത്തണമെന്ന്‌ ഹൈക്കോടതി നി‍ർദേശിച്ചു. ദുരന്തനിവാരണ ഫണ്ടിലെ മുക്കാൽഭാഗം ചെലവഴിച്ചശേഷം അറിയിക്കാനും ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ബെഞ്ച്‌ നിർദേശിച്ചു.

ദുരന്തമേഖലയിൽ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെയും പുനരധിവാസത്തിന് ഊരാളുങ്കൽ സൊസൈറ്റിയെ തിരഞ്ഞെടുത്തത് സംബന്ധിച്ചും വിശദ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചു. ഹർജി 21ന് വീണ്ടും പരിഗണിക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks