Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. സനാതനധര്‍മത്തെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇന്നു നമ്മളോടൊപ്പമില്ലെന്നും എത്ര വേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സനാതനധര്‍മത്തെ സി.പി.എം. നേതാക്കള്‍ വെല്ലുവിളിക്കുകയാണെന്നും ബി.ജെ.പി. നേതാവ് പറഞ്ഞു. സി.പി.എം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ മഹാകുംഭമേളയെ സംബന്ധിച്ച പ്രസ്താവനയോട് ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.
മുഖ്യമന്ത്രിയായ പിണറായി വിജയന്‍ രാജ്യത്തെ ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോരുമ്പോള്‍ മറ്റ് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെ നോക്കി ചിരിക്കുകയാണെന്നും ശോഭ ആരോപിച്ചു. അദ്ദേഹത്തിന്റെ രോഗത്തെ പരഹസിക്കുകയാണോ എന്ന ചോദ്യം ഉയർന്നപ്പോൾ, താന്‍ ഉദ്ദേശിച്ചത് അതല്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ഒരു സാഹചര്യം അദ്ദേഹത്തിന് എങ്ങനെ ഉണ്ടായിയെന്നും, ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി അഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് വിശ്വാസമില്ലാത്ത സ്ത്രീകളെ മല ചവിട്ടിച്ചതിന്റെ ബാക്കിപത്രമായിട്ട് പലരും അനുഭവിക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ മാധ്യമപ്രവർത്തകാരോട് പറഞ്ഞു.
‘കുംഭമേള വേണ്ടങ്കില്‍, ഭദവദ്ഗീത വേണ്ടെങ്കില്‍, രാമായണം വേണ്ടെങ്കില്‍ ശബരിമല തിരുസന്നിധിയിലെ ഭണ്ഡാരപ്പെട്ടി ഒഴിവാക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് മന്ത്രിയും തയ്യാറാവണം. ഇതൊന്നും വേണ്ടെങ്കില്‍ ഗുരുവായൂരപ്പന്റെ നടയില്‍ വച്ചിട്ടുള്ള കാണിക്ക ഒഴിവാക്കാന്‍ ഇവിടുത്തെ ഭരണകൂടം തയ്യാറാവണം. കാണിക്കയില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംന്യാസിമാര്‍ക്കെതിരെയുള്ള അവഗണന നിര്‍ത്തിക്കാന്‍ സി.പി.എം. നേതൃത്വം തയ്യാറാവണം. മഹാത്മഗാന്ധി പോയ കുംഭമേളയെ കുറിച്ച് ചരിത്രമറിയാതെ ബ്രിട്ടാസ് സംസാരിക്കുകയാണ്. രാഷ്ട്രത്തിന്റെ സംസ്‌കൃതിയെ സ്‌നേഹിച്ച ഏതൊരാളും കുംഭമേളയെ സ്‌നേഹിച്ചിട്ടുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
ബ്രിട്ടാസിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-‘എന്റെ സുപ്രീം കോടതി ഗുരുവായൂരപ്പനാണ്’. ബ്രിട്ടാസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പത്തുദിവസം മേലനങ്ങി പണിയെടുത്തിട്ടുണ്ടോ?. ഏതെങ്കിലും ഒരു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ കഷ്ടപ്പെട്ട സഖാക്കളുടെ പട്ടികയില്‍ ബ്രിട്ടാസിനെ ഉള്‍പ്പെടുത്താന്‍ പറ്റുമോ?. കൈരളി ചാനലിനായി വിയര്‍പ്പൊഴുക്കിയ തൊഴിലാളികളുടെ പതിനായിരത്തിന് താഴെയുള്ള ഓഹരികള്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് അവരുടെ വിയര്‍പ്പിന് വിലകല്പിക്കില്ലെന്ന് പറഞ്ഞയാളാണ് ബ്രിട്ടാസ് എന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഇയാള്‍ എങ്ങനെയാണ് കമ്യൂണിസ്റ്റായതെന്നും രാജ്യസഭയില്‍ കയറിയതെന്നും താന്‍ പറയണോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.