29 C
Trivandrum
Tuesday, March 25, 2025

പത്തനംതിട്ട പീഡനം: കേസുകൾ 31, ആകെ പ്രതികൾ 60, അറസ്റ്റിലായവർ 49, പ്രായപൂർത്തിയാകാത്തവർ 5

Follow the FOURTH PILLAR LIVE channel on WhatsApp 

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ്. ഇനി 9 പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും 2 പേര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈയില്‍ നിന്നും കല്ലമ്പലത്തു നിന്നും 2 പ്രതികളെക്കൂടി അറസ്റ്റുചെയ്തതായും പൊലീസ് വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും അധികം വൈകാതെ ബാക്കി പ്രതികളെക്കൂടി കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ 49 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ 5 പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ചെന്നൈയിലായിരുന്നു. അയാളെ അവിടെനിന്നും അറസ്റ്റുചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കല്ലമ്പലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസിലെ പ്രതിയും അറസ്റ്റിലായിട്ടുള്ളതായി പൊലീസ് അറിയിച്ചു.

ഉപദ്രവിച്ചവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് സംബന്ധിച്ച വിവരം എന്നിങ്ങനെ പ്രതിയെ തിരിച്ചറിയാന്‍ ഉതകുന്ന ഏതെങ്കിലും ഒരുവിവരം എങ്കിലും പെണ്‍കുട്ടി പൊലീസിന് നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ കേസ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 6 ദിവസത്തിനുള്ളില്‍ ഇത്രയും പ്രതികളെ അറസ്റ്റുചെയ്യുന്നതിലേക്ക് അന്വേഷണം പുരോഗമിക്കാന്‍ സഹായകമായതും പെണ്‍കുട്ടി നല്‍കിയ ഈ വിവരങ്ങളാണ്.

ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നത്. അന്വേഷണം പുരോഗമിക്കവെയാണ് കേസ് 5 പൊലീസ് സ്‌റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചത്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലത്തെ പൊലീസ് സ്‌റ്റേഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ആ പ്രതിയേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ 1 വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.

പിന്നീട് കല്ലമ്പലത്തെ ഒരു ബന്ധുവിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അവിടെയെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ​ചൊവ്വാഴ്ച രാത്രി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അമ്പലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ടയില്‍ നിന്നും പോയ പൊലീസ് സംഘമാണ് ചെന്നൈയില്‍ നിന്നും അറസ്റ്റുചെയ്തത്. ഇയാളെ രാത്രിയോടെ പത്തനംതിട്ടയില്‍ എത്തിക്കും.

അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks