തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. 30 വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ 2 തവണ അട്ടിമറി വിജയം നേടി ചരിത്രം കുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.
Follow the FOURTH PILLAR LIVE channel on WhatsApp
കേരളം നേരിടുന്ന പ്രധാന പ്രശ്നമായ വന്യജീവി ആക്രമണത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കാമെന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉറപ്പുനൽകിയെന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മമതയാണു രാജി വയ്ക്കാൻ നിർദേശിച്ചത്. ശനിയാഴ്ച സ്പീക്കർ എ.എൻ.ഷംസീറിനു രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ 150 കോടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചതിൽ പരസ്യമായ മാപ്പു ചോദിക്കുന്നതായും അൻവർ പറഞ്ഞു.
‘പി.ശശി ആവശ്യപ്പെട്ടതനുസരിച്ചാണ് 150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് വി.ഡി.സതീശനെതിരെ ഉന്നയിച്ചത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു പരസ്യമായി മാപ്പ് ചോദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്കു കേരള ജനതയോട് ആത്മാർഥമായി മാപ്പ് ചോദിക്കുകയാണ്. സതീശനും കുടുംബത്തിനും ബന്ധുക്കൾക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമുണ്ടായ വിഷമത്തിൽ മാപ്പ്. എന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നു സതീശനോടു സ്നേഹപൂർവം അഭ്യർഥിക്കുന്നു’ -അൻവർ പറഞ്ഞു.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. യു.ഡി.എഫ്. സ്ഥാനാർഥിക്കു നിരുപാധിക പിന്തുണ നൽകും. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്.ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണം എന്നാണു യു.ഡി.എഫിനോടുള്ള അഭ്യർഥന. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്താണ് യു.ഡി.എഫ്. സ്ഥാനാർഥിയെങ്കിൽ പിന്തുണ നൽകുന്നതു പ്രയാസമായിരിക്കും. ജോയി മത്സരിച്ചാൽ 40,000 വോട്ടിനു ജയിക്കും. ആര്യാടൻ ഷൗക്കത്ത് സിനിമാ സാംസ്കാരിക പ്രവർത്തകൻ മാത്രമല്ലേ? താൻ അദ്ദേഹത്തെ എവിടെയും കാണാറില്ലെന്നും അൻവർ പറഞ്ഞു.
പൊലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി.അന്‍വര്‍ തന്റെ രാഷ്ട്രീയപ്രവേശം ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.
2016ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത അന്‍വര്‍ 2021ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016നെ അപേക്ഷിച്ച് 2021ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു.
എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.