Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ലോകത്തെവിടെയുമുളള സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി ഒരു പ്രത്യേക മൈക്രോസൈറ്റ് ടൂറിസം വകുപ്പ് തയ്യാറാക്കുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉൾപ്പെടുത്തിയായിരിക്കും മൈക്രോസൈറ്റ് തയ്യാറാക്കുക. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി – യുവജന സമ്മേളനത്തില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ഇക്കാര്യമറിയിച്ചത്.
ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി ശ്രീനാരായണ ഗുരു മൈക്രോസൈറ്റിനെ വികസിപ്പിക്കും. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ , ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ച് എല്ലാം ഇതിലൂടെ ലോകത്തിന് കൂടുതല്‍ മനസിലാക്കാനാകും. ശിവഗിരി മഠത്തെ കുറിച്ചും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തും. ഒപ്പം ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാസ് പറഞ്ഞു.
ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് അതിപ്പോഴും സമൂഹത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലമാണിത്. അതുകൊണ്ടു തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും കൂടുതൽ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.