Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. ഡിസംബർ 14നാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90ാം പിറന്നാൾ ആഘോഷിച്ചത്.
മുംബൈയിലെ വോക്കാർഡ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു അന്ത്യം. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. സംസ്കാരം പിന്നീട് തീരുമാനിക്കുമെന്ന് മകൾ പിയ ബെനഗൽ അറിയിച്ചു.
മുഖ്യധാരാ സിനിമയുടെ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്‌തമായി റിയലിസവും സാമൂഹിക പ്രതിബദ്ധതയും ഇഴചേര്‍ന്നതായിരുന്നു ബെനഗലിന്‍റെ ചലച്ചിത്രങ്ങള്‍. അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലൂടെ ശ്യാം ബെനഗൽ ഇന്ത്യൻ ചലച്ചിത്ര വേദിയിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തി. കലാമൂല്യത്തിൽ മുന്നിട്ട് നില്‍ക്കുന്നതും അതേസമയം വാണിജ്യപരമായി നേട്ടമുണ്ടാക്കിയതുമാണ് ബെനഗല്‍ സിനിമകള്‍.
ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് അദ്ദേഹത്തിന് 2005ൽ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചു.
കാൻ, ബർലിൻ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ബെനഗൽ ചിത്രങ്ങൾ അംഗീകാരങ്ങൾ നേടി. അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, രജത് കപൂർ തുടങ്ങി ഒട്ടേറെ താരങ്ങൾ ബെനഗൽ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 18 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗൽ.
കൊങ്കണി സംസാരിക്കുന്ന കുടുംബത്തിൽ പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധർ ബി.ബെനഗലിന്റെ മകനായി 1934 ഡിസംബർ 14ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ബെനഗൽ ജനിച്ചത്. വെറും 12 വയസ്സുള്ളപ്പോൾ, അച്ഛൻ സമ്മാനിച്ച ക്യാമറ ഉപയോഗിച്ചാണ് ശ്യാം തൻ്റെ ആദ്യ സിനിമ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ച് സിനിമയിലെ തൻ്റെ മഹത്തായ യാത്രയുടെ തുടക്കം കുറിച്ചു.
1959ൽ മുംബൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്റർ ആയിട്ടാണ് ബെനഗലിന്റെ ജോലിയുടെ തുടക്കം. ക്രമേണ അദ്ദേഹം ഈ സ്ഥാപനത്തിന്റെ ക്രിയേറ്റീവ് തലവനായി ഉയർന്നു. 1962ൽ ഘേർ ബേത്ത ഗംഗ എന്ന പേരിൽ ആദ്യത്തെ ഹ്രസ്വചിത്രം എടുത്തു. 1963ൽ കുറച്ചു കാലം മറ്റൊരു പരസ്യകമ്പനിയുമായി ജോലിചെയ്തു. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു.
1966 മുതൽ 1973 വരെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായിരുന്നു. 1980‐83, 1989‐92 കാലയളവിലായി രണ്ടു തവണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി. 1973ലാണ് ആദ്യ സിനിമ അങ്കുർ എടുത്തത്. പിന്നീട് നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗൽ കണക്കാക്കപ്പെട്ടു.
പിന്നീട് മേക്കിങ് ഓഫ് ദ മഹാത്മ (1996), സമര്‍ (199), നേതാജി സുഭാഷ് ചന്ദ്രബോസ്: ദ ഫോര്‍ഗോട്ടണ്‍ ഹീറോ (2005) തുടങ്ങി ചരിത്രത്തില്‍ ഇടംനേടിയ ഒരുപിടി ചിത്രങ്ങള്‍. ജുനൂൻ (1979), കലിയുഗ് (1981), കൊണ്ടൂറാ (1978), ആരോഹൺ (1982), വെൽഡൺ അബ്ബ (2010)തുടങ്ങിയവയും ശ്രദ്ധേയ ചിത്രങ്ങൾ തന്നെ. 2023ൽ ബംഗ്ലാദേശിൻ്റെ ആദ്യ പ്രസിഡൻ്റ് ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച മുജീബ്: ദ മേക്കിങ് ഓഫ് എ നേഷൻ ആണ് ബെനഗൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു പിടി മികച്ച സീരിയലുകളാണ് ബെനഗലിനെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ജവാഹർലാൽ നെഹ്രുവിൻ്റെ ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയ ഭാരത് ഏക് ഖോജ് (1988) തന്നെയാണ് അവയിൽ ശ്രദ്ധേയം. യാത്ര (1986), കഥാസാഗർ (1986), അമരവാതി കി കഥായേം (1995) എന്നിവയും ബെനഗലിൻ്റെ ജനപ്രിയ സീരിയലുകൾ തന്നെ.
നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ഡയറക്ടറായും ശ്യാം ബെനഗൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.