Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയിലേക്ക് മൂന്നാം തവണയും തൻ്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് കൃഷാന്ദ് ആർ.കെ. പുരുഷപ്രേതം, ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം തുടഹ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ഇത്തവണ എത്തിയത് സംഘർഷ ഘടനയുമായിട്ടാണ്.
2018ൽ തൻ്റെ കന്നിച്ചിത്രമായ വൃത്താകൃതിയിലുള്ള ചതുരവുമായി ഐ.എഫ്.എഫ്.കെ. മത്സരവിഭാഗത്തിലേക്കാണ് കൃഷാന്ദ് കടന്നുവന്നത്. 2021ൽ മത്സരവിഭാഗത്തിൽ തന്നെയായിരുന്നു കൃഷാന്ദിൻ്റെ രണ്ടാം വരവ് -ചിത്രം ആവാസവ്യൂഹം. അത്തവണ ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങൾ നേടി. പിന്നീട് ആവാസവ്യൂഹം ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും മികച്ച ചിത്രത്തിനുമുള്ള സംസ്ഥാന അവാർഡുകൾ നേടി.
ഇത്തവണ മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് കൃഷാന്ദിൻ്റെ സംഘർഷ ഘടന പ്രദർശിപ്പിച്ചത്. ചിത്രത്തിൻ്റെ രചനയും നിർമ്മാണവും സംവിധാനവുമെല്ലാം അദ്ദേഹം തന്നെ.
5-ാ0 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ ആർട്ട് ഓഫ് വാർ എന്ന രചനയെ ആസ്പദമാക്കിയുള്ള സിനിമയാണ് സംഘർഷ ഘടന. ലോകം യുദ്ധവെറിയുടെ ഭീകരതയിൽ നിൽക്കുമ്പോൾ, മൂവായിരത്തോളം വർഷങ്ങൾക്ക് മുമ്പ് യുദ്ധങ്ങൾ എങ്ങനെ വേണമെന്ന് ഒരു പുസ്തകം പറഞ്ഞുവച്ചതിനെ വിമർശനാത്മകമായാണ് സംവിധായകൻ സമീപിക്കുന്നത്. യുദ്ധങ്ങളുടെ നിരർഥകത കൂടി ഈ ചിത്രം അനാവരണം ചെയ്യുന്നു. സനൂപ് പടവീടൻ, വിഷ്ണു അഗസ്ത്യ, രാജഗോപാൽ എന്നിവരാണ് സംഘർഷ ഘടനയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്ഥിരംശൈലിയിൽ നിന്ന് വേറിട്ട രീതിയിൽ സിനിമകൾ എടുക്കുന്നത് ബോധപൂർവം അല്ലെന്നും മനസിൽ സിനിമകൾ ജനിക്കുന്നതേ അങ്ങനെയാണെന്നും കൃഷാന്ദ് പറഞ്ഞു. തന്റെ കഥകൾ എല്ലാം സാധാരണമാണ്. എന്നാൽ അതിന്റെ ആഖ്യാന രീതിയിൽ വ്യത്യാസം കൊണ്ടുവരുമ്പോൾ അതു സിനിമയെ വേറിട്ട തലത്തിലേക്ക് ഉയർത്തുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.