ന്യൂഡല്‍ഹി: കേരളത്തിന്റെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 72 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള (എസ്.ഡി.ആര്‍.എഫ്.) കേന്ദ്ര വിഹിതമാണിത്. പ്രത്യേക മേഖലകള്‍ക്കോ പദ്ധതികള്‍ക്കോ ഉള്ള ഫണ്ടല്ല ഇത്. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഇത് ചെലവഴിക്കാം. ഈ വകയില്‍ 15 സംസ്ഥാനങ്ങള്‍ക്കായി 1,115 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിനും ഹിമാചല്‍ പ്രദേശിനും 139 കോടി രൂപ വീതവും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയും തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. കേരളത്തെപ്പോലെ കര്‍ണാടകത്തിനും 72 കോടിയാണ് അനുവദിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 378 കോടി രൂപ നല്കി. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവിടെ തുക അനുവദിച്ചിരിക്കുന്നത്.
ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങള്‍ക്കായി 21,476 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം അറിയിച്ചു.