തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസ് നടപടി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനമനുസരിച്ചാണ് നടപടി.
Follow the FOURTH PILLAR LIVE channel on WhatsApp
ഇതനുസരിച്ച് കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് ഡി.ജി.പി. ഉത്തരവിറക്കി. കൊച്ചി ഡി.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. നേരത്തേ ഈ കേസ് അന്വേഷിക്കുന്നതിനു നേതൃത്വം നല്കിയ അന്നത്തെ തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ.രാജുവിനെ പുതിയ സംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനു തന്നെയാണ് ഇത്തവണയും ചുമതല. ഇപ്പോള്‍ രാജു പാലക്കാട് ഡി.വൈ.എസ്.പി. ആയി പ്രവര്‍ത്തിക്കുകയാണ്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിനാണ് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ വീണ്ടും തയാറെടുക്കുന്നത്. നേരത്തെ പോലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ സതീഷിന്റെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പുനരഃന്വേഷണത്തിന് വഴി തെളിഞ്ഞത്. പുനരഃന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയില്‍ സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോ?ഗിച്ചുകൊണ്ട് ഡി.ജി.പി. ഉത്തരവിറക്കിയിരിക്കുന്നത്.
പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ കേസില്‍ അന്വേഷണം ആരംഭിക്കും. തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ആദ്യപടി. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.