29 C
Trivandrum
Thursday, June 19, 2025

കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 13 മുതല്‍ 20 വരെ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 13 മുതല്‍ 20 വരെ നടക്കും. 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംഘാടകസമിതിക്ക് വ്യാഴാഴ്ച രൂപം നല്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയായ സംഘാടക സമിതിയില്‍ 501 അംഗങ്ങളാണുള്ളത്.

സംഘാടക സമിതി രൂപവത്കരണ യോഗം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ മേളയില്‍ മലയാളത്തില്‍നിന്ന് നാല് വനിതാ സംവിധായകരുടെയും എട്ട് നവാഗതരുടെയും സാന്നിധ്യമുണ്ട് എന്നത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി 29-ാമത് ഐ.എഫ്.എഫ്.കെയില്‍ വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും ചലച്ചിത്രനിര്‍മാണത്തിന് ധനസഹായം ചെയ്യുന്ന പദ്ധതി സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് ഈയിടെ തുടക്കം കുറിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണ പ്രവര്‍ത്തനം, ചലച്ചിത്ര നയരൂപീകരണം എന്നിവ ത്വരിതഗതിയില്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 29-ാമത് ഐ.എഫ്.എഫ്.കെയുടെയുടെ ലോഗോ മേയര്‍ക്ക് നല്‍കിക്കൊണ്ട് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, മുന്‍ മന്ത്രി എം.വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ.മ്യൂസ് മേരി ജോര്‍ജ്, വനിതാ വികസനകോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബിന്ദു വി.സി., സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി.ഒലീന തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റായും സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഫെസ്റ്റിവല്‍ ഡയറക്ടറായും പ്രവര്‍ത്തിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്ററായി ഗോള്‍ഡ സെല്ലത്തെ ചുമതലപ്പെടുത്തി.

ആര്‍.എസ്.ബാബു (മീഡിയ കമ്മിറ്റി), എം.വിജയകുമാര്‍ (റിസപ്ഷന്‍ കമ്മിറ്റി), ജി. സുരേഷ്‌കുമാര്‍ (ഹോസ്പിറ്റാലിറ്റി), മധുപാല്‍ (പ്രോഗ്രാം കമ്മിറ്റി), അഡ്വ.എസ്.പി.ദീപക് (എക്‌സിബിഷന്‍ കമ്മിറ്റി), കെ.എസ്.സുനില്‍കുമാര്‍ (വോളണ്ടിയര്‍ കമ്മിറ്റി) തുടങ്ങിയവര്‍ ചെയര്‍മാന്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 20 മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ജി.എസ്.ടി. ഉള്‍പ്പെടെ 590രൂപയും പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 1180 രൂപയുമാണ്. ഭിന്നശേഷിക്കാര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കുന്നതിനായി റാമ്പ്, വീല്‍ചെയര്‍ സൗകര്യം ഒരുക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks