കൊച്ചി: മുനമ്പം ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണം എന്ന ആവശ്യവുമായി സമരസമിതി അംഗങ്ങള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.
മുനമ്പത്തു നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നവംബര്‍ 22ന് ഉന്നതതല യോഗം ചേരുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
‘ഒരാളും ഇറങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഒരു ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റിവെക്കേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം 22ന് യോഗം ചേരും’ -രാജീവ് വ്യക്തമാക്കി.
വിഷയത്തില്‍ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും സമാധാനപരാമായി നടത്തുന്ന ഉപവാസ സമരം തുടരുമെന്നും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യക്തമാക്കി.