29 C
Trivandrum
Wednesday, April 30, 2025

പ്രശാന്ത് ഗൂഢാലോചന നടത്തിയെങ്കില്‍ നടപടിയെടുക്കാത്തത് എന്തെന്ന് ചെന്നിത്തല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് ഒരു അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെപോയതിലുള്ള മോഹഭംഗമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തെളിയുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എന്‍.പ്രശാന്ത് ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മേഴ്‌സിക്കുട്ടിയമ്മയുടെ പാര്‍ട്ടി തന്നെ അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടല്‍ വില്‍പ്പനയെന്ന ആരോപണമെന്നും ഇതിന്റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങള്‍ യു.ഡി.എഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നുമാണ് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് മറുപടിയായാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആഴക്കടല്‍ മത്സ്യബന്ധനവിഷയത്തില്‍ സ്വയം വിശുദ്ധീകരിച്ചും രക്തസാക്ഷി ചമഞ്ഞും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. ഞാന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ എന്‍ പ്രശാന്തും ഞാനും കൂടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി എന്നാണ് മെഴ്സിക്കുട്ടിയമ്മയുടെ പോസ്റ്റ് പറഞ്ഞു വെക്കുന്നത്.

മുന്‍ മന്ത്രി വളരെ ലളിതമായി സ്വയം വിശുദ്ധീകരിച്ച പോസ്റ്റില്‍ അവര്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ വ്യക്തമായി പറയാം. കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് ഒരു അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി. അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് ശ്രീമതി മെഴ്സിക്കുട്ടിയമ്മയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ തെളിയുന്നത്.

ഈ പദ്ധതിയെക്കുറിച്ചും ഒപ്പു വെച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഞാന്‍ ആദ്യമായി പുറത്തു വിടുന്നത് 2021 ഫെബ്രുവരി 19 നു കൊല്ലത്തു വെച്ചാണ്. ഈ സംഭവമാണ് ഞാനും പ്രശാന്തും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് എന്നു മെഴ്സിക്കുട്ടിയമ്മ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇനി മെഴ്സിക്കുട്ടിയമ്മ പുറത്തു പറയാത്ത ഇതിന്റെ നാള്‍ വഴികള്‍ നമുക്കൊന്നു പരിശോധിക്കാം.

ഈ സംഭവത്തിന് മൂന്നു വര്‍ഷം മുമ്പ് 2018 ഏപ്രിലില്‍ മെഴ്സിക്കുട്ടിയമ്മ ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ന്യൂയോര്‍ക്കില്‍ വെച്ചു ചര്‍ച്ച നടത്തുന്നു. അതായത് മെഴ്സിക്കുട്ടിയമ്മയെ കുടുക്കാന്‍ ഞാന്‍ മൂന്നു വര്‍ഷം മുമ്പ് ഒരു കമ്പനിയെ ന്യൂയോര്‍ക്കില്‍ ഇവരുടെ അരികിലേക്ക് അയച്ചുവെന്നാണോ മുന്‍ മന്ത്രി പറയുന്നത്… അപാരം തന്നെ.

അതിലും രസം അടുത്ത വര്‍ഷം മെഴ്സിക്കുട്ടിയമ്മ കേരളത്തിന്റെ മത്സ്യ നയത്തില്‍ ഈ പദ്ധതിക്കനുകൂലമായി മാറ്റം വരുത്തിയെന്നതാണ്. അതും എന്റെ ഗൂഢാലോചനയാണോ… 2020 അസന്റില്‍ ഈ പദ്ധതി വെയ്ക്കുകയും അതനുസരിച്ച് 5000 കോടിയുടെ ധാരണാപത്രത്തില്‍ ഇഎംസിസിയും സംസ്ഥാന സര്‍ക്കാരും ഒപ്പു വെയ്ക്കുകയും ചെയ്തു. ശ്രീമതി മെഴ്സിക്കുട്ടിയമ്മയുടെ പോസ്റ്റ് അനുസരിച്ച് എന്റെ മറ്റൊരു ഗൂഢാലോചന. ഈ പദ്ധതി പ്രകാരം വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം ഇഎംസിസി എന്ന കമ്പനിക്ക് അനുവദിച്ചു. അതും എന്റെ ഗൂഢാലോചന എന്നാണോ മുന്‍ മന്ത്രി പറഞ്ഞു വെക്കുന്നത്…

ആദ്യമായി ഈ കൊടും കൊള്ളയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടപ്പോള്‍ ഏത് ഇഎംസിസി എന്നു പറഞ്ഞു നിഷ്‌കളങ്ക ചമഞ്ഞയാളാണ് ശ്രീമതി മെഴ്സിക്കുട്ടിയമ്മ. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലിരുന്നു ഇംഎംസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോ ഞാന്‍ പുറത്തുവിട്ടപ്പോള്‍ മെഴ്സിക്കുട്ടിയമ്മയുടെ വിളറിയ മുഖം കേരളജനത മറന്നിട്ടില്ല.

ഇ.എം.സി.സിയുമായുള്ള കരാറിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ 2021 ഫെബ്രുവരി 2 ന് ഇ.എം.സി.സിയുമായി 400 ട്രോളറുകളും അഞ്ചു മദര്‍ഷിപ്പുകളും നിര്‍മ്മിക്കുന്നതിനും ഏഴ് തുറമുഖങ്ങള്‍ നവീകരിക്കുന്നതിനുമുള്ള ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. അത് മെഴ്‌സിക്കുട്ടിയമ്മ പറയുന്നതു പോലെ 5000 കോടിയുടേതല്ല, 2950 കോടിയുടെ ഉപ പദ്ധതിയായിരുന്നു. അതിന്റെ എം.ഡി അന്ന് പ്രശാന്ത് ആയിരുന്നു എന്നത് ശരിയാണ്.

എന്നാല്‍ മെഴ്‌സിക്കുട്ടിയമ്മ മറച്ചു വയ്ക്കുന്ന ഒരു കാര്യമുണ്ട്. ആ കോര്‍പ്പറേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതായിരുന്നു എന്ന കാര്യം. അപ്പോള്‍ മുഖ്യമന്ത്രി അറിയാതെ ഇത്രയും വലിയ ഒരു അന്താരാഷ്ട്ര കരാറില്‍ ഉദ്യോഗസ്ഥര്‍ ഒപ്പു വയ്ക്കുമോ? മാത്രമല്ല സര്‍ക്കാരിന്റെ വന്‍ നേട്ടമായി ഈ കരാറിനെ വിശേഷിപ്പിച്ചു കൊണ്ട് കെ.എസ്.ഐ.എന്‍.സി പത്രക്കുറിപ്പിറക്കുകയും വീഡിയോ നിര്‍മ്മിച്ച് പി.ആര്‍.ഡി വഴി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതൊന്നും അന്ന് മന്ത്രിയായിരുന്ന ശ്രീമതി മേഴ്‌സിക്കുട്ടിയമ്മ അറിഞ്ഞില്ല എന്നു ഭാവിക്കുന്നത് ആരെ വിഢ്ഢിയാക്കാനാണ്.

അന്നും കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പ്രശാന്തിനെയും എന്നെയും ബന്ധപ്പെടുത്തി ഗൂഢാലോചനാ വിവാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ മെഴ്‌സിക്കുട്ടിയമ്മ ഒരു പാഴ് ശ്രമം നടത്തിയതാണ്. അന്ന് പ്രശാന്തിനെ പഴിചാരി രക്ഷപ്പെടാന്‍ മെഴ്‌സിക്കുട്ടിയമ്മ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനൊപ്പം നിന്നില്ല എന്ന കാര്യവും മെഴ്‌സിക്കുട്ടിയമ്മ മറച്ചു വെക്കുന്നു. പ്രശാന്ത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് കുറ്റമായി കാണുന്നില്ല ‘ എന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. മുഖ്യമന്ത്രി പോലും കാണാത്ത ഗൂഢാലോചനാ വാദം മെഴ്‌സിക്കുട്ടയമ്മ ഉയര്‍ത്തുന്നത് കുറ്റ ബോധം കൊണ്ടാണ്. മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കാന്‍ കൂട്ടു നിന്നു പോയതിന്റെ കുറ്റ ബോധം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 2014 മുതല്‍ 2015 വരെ ഒരു വര്‍ഷത്തില്‍ താഴെ മാത്രമായിരുന്നു പ്രശാന്ത് എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നത്്. അത് കഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി. പിന്നീട് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയുമായി. അദ്ദേഹം വീണ്ടും പല പദവികളില്‍ വന്നു. അതൊക്കെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ കാര്യങ്ങളാണ്.

എന്റെ ലളിതമായ ചോദ്യം ഇതു മാത്രമാണ്. പ്രശാന്ത് ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയെങ്കില്‍ എന്തു കൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മെഴ്സിക്കുട്ടിയമ്മയുടെ പാര്‍ട്ടി തന്നെ അല്ലേ…

ചുരുക്കത്തില്‍ മെഴ്സിക്കുട്ടിയമ്മ മുന്നോട്ടു വെക്കുന്ന ഈ ‘നിഷ്‌കളങ്ക’ വാദങ്ങള്‍ മെഴ്സിക്കുട്ടിയമ്മയുടെ പാര്‍ട്ടി പോലും ഇതുവരെ വിശ്വസിച്ചിട്ടില്ല എന്നാണ് മനസിലാകുന്നത്. കേരളത്തിലെ തീരദേശം മുഴുവന്‍ കൊള്ളയടിക്കാനും മത്സ്യതൊഴിലാളികളെ വഞ്ചിക്കാനും കൂട്ടു നിന്നതിന് കേരള ജനതയോട് മാപ്പു പറഞ്ഞ് സ്വന്തം മനസാക്ഷിക്കുത്ത് ഒഴിവാക്കുകയാണ് ശ്രീമതി മെഴ്സിക്കുട്ടിയമ്മ ഇനിയെങ്കിലും ചെയ്യേണ്ടത്…

Recent Articles

Related Articles

Special

Enable Notifications OK No thanks