കാലിഫോർണിയ: പ്രഭാകർ രാഘവൻ എന്ന ഇന്ത്യാക്കാരന്റെ ശമ്പളമാണ് ഇപ്പോൾ ലോകത്തിന്റെ സംസാരവിഷയം. ഈ 64കാരന്റെ ശമ്പളം എത്രയെന്നല്ലേ -300 കോടി രൂപ. ഗൂഗിളിന്റെ ചീഫ് ടെക്‌നോളജിസ്റ്റ് എന്ന തസ്തികയിലാണ് പ്രഭാകറിന് ഈ ശമ്പളം ലഭിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഒരു പ്രധാന നേതൃമാറ്റത്തിന്റെ ഭാഗമായി പ്രഭാകറിനെ ചീഫ് ടെക്‌നോളജിസ്റ്റായി ഗൂഗിൾ നിയമിച്ചത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ഏറെ നാളായി ഈ പദവിയിലിരിക്കുന്ന നിക്ക് ഫോക്‌സിന്റെ പകരക്കാരനായാണ് അദ്ദേഹത്തിന്റെ വരവ്. 2012ലാണ് പ്രഭാകർ ഗൂഗിളിനൊപ്പം യാത്ര തുടങ്ങിയത്. ഇതുവരെ ഗൂഗിൾ സെർച്ച്, അസിസ്റ്റന്റ്, ജിയോ, പരസ്യങ്ങൾ, വാണിജ്യം, പേയ്മെന്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായിരുന്നു. ജിമെയിലിന്റെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഡക്ടുകളായ സ്മാർട് റിപ്ലൈ, സ്മാർട് കമ്പോസ് എന്നിവയുടെ പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് പ്രഭാകർ.
20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ പ്രഭാകറിന്റെ പേരിലുള്ളത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി. നേടിയ അദ്ദേഹം നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗവും എ.സി.എം., ഐ.ഇ.ഇ.ഇ എന്നിവയുടെ ഫെല്ലോയുമാണ്. എ.സി.എം. ജേണലിന്റെ മുൻ എഡിറ്റർ ഇൻ ചീഫ്; സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് കൺസൾട്ടിങ് പ്രൊഫസർ എന്നീ വിശേഷണങ്ങളുമുണ്ട്. 2009ൽ ബൊലോഗ്‌ന സർവകലാശാല അദ്ദേഹത്തെ ലോറിയ ഓണറിസ് കോസ നല്കി ആദരിച്ചു.
ഗൂഗിളിൽ ചേരുന്നതിന് മുമ്പ്, പ്രഭാകർ യാഹൂ ലാബ്സ് സ്ഥാപിക്കുകയും നയിക്കുകയും ചെയ്തു. അവിടെ തിരയൽ, പരസ്യ റാങ്കിങ്, പരസ്യ വിപണി രൂപകല്പന എന്നിവയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. പിന്നീട് കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായി സേവനമനുഷ്ഠിച്ചു. വെരിറ്റിയിൽ ചീഫ് ടെക്‌നോളജി ഓഫീസർ ആയും സേവനമനുഷ്ഠിച്ച അദ്ദേഹം അൽഗോരിതം, ഡാറ്റ മൈനിങ്, മെഷീൻ ലേണിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐ.ബി.എമ്മിൽ 14 വർഷക്കാലം വിവിധ പദവികൾ വഹിച്ചു.
കരിയറിലെ നിർണായകമായ ഘട്ടത്തിലാണ് പ്രഭാകർ എന്നും 12 വർഷങ്ങൾക്ക് ശേഷം കമ്പ്യൂട്ടർ സയൻസിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവാണ് ചീഫ് ടെക്‌നോളജിസിറ്റ് തസ്തികയെന്നും ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ പറഞ്ഞു. മൈക്രോസോഫ്റ്റ്, ഓപ്പൺ എ.ഐ. എന്നീ എതിരാളികളെ നേരിടുന്നതിനും ജെമിനിയുടെ സുഗമമായ പ്രവർത്തനത്തിനും ടീമിനെ ഒരുമിച്ച് നിർത്താനുമാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ടുകൾ.