കോഴിക്കോട്: തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും അദ്ദേഹം ചോദിച്ചു. പി.ജയരാജന്‍ രചിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Follow the FOURTH PILLAR LIVE channel on WhatsApp
ഒരു പോലീസുകാരന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്?
തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശം? -പിണറായി ചോദിച്ചു.
ജയരാജന്റെ പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളു എന്നുമാണ് പുസ്തകത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഇത് ഏറെ പ്രസക്തമായ നിലപാടാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ്. മോഡലില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് പി.ജയരാജന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്‍.എസ്.എസ്. മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്നാണ് പരാമര്‍ശം. 1990-ല്‍ ആര്‍.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം -ഐ.എസ്.എസ്. രൂപീകരിച്ചത് മഅ്ദനിയുടെ നേത്യത്വത്തിലാണ്. ഐ.എസ്.എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ എഴുതുന്നു.