സര്‍ക്കാര്‍ സമീപിച്ചവര്‍ പിന്മാറി, സിബി മലയിലിനും വിളിയെത്തി
സി.പി.എമ്മിനായി പരസ്യമായി രംഗത്തിറങ്ങിയ എം.എ.നിഷാദും പരിഗണനയില്‍
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് പിന്നാലെ രഞ്ജിത്ത് രാജിവച്ചതിനെ തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയര്‍മാനെ തേടി സര്‍ക്കാര്‍. ജാഗ്രതയോടെയായിരിക്കണം പുതിയ നിയമനം നടത്തേണ്ടതെന്നാണ് സര്‍ക്കാരിന് സി.പി.എം നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആരോപണ വിധേയരെ ഒഴിവാക്കി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വ്യക്തിയായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്ന സിബി മലയിലിന്റെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. ഇതിനൊപ്പം തന്നെ സംവിധായകനും നടനുമായ എം.എ.നിഷാദിന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ട്. സി.പി.എം പ്രതിനിധിയായി കെ.എസ്.എഫ്.ഡി.സിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് നിഷാദ്. ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും പരസ്യമായി സി.പി.എമ്മിനെ പിന്തുണയ്ക്കുകയും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന നിഷാദിനാണ് സി.പി.എമ്മില്‍ നിന്നു കൂടുതല്‍ പിന്തുണയുള്ളത്.
ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് വനിതയെ നിയമിക്കണമെന്ന ആവശ്യവും പരിഗണിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പത്തുള്ള, സിനിമയിലെ ഒരുവിധ കോക്കസുകളുമായി ബന്ധമില്ലാത്ത വനിതയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡബ്ല്യു.സി.സിയുടെ ഭാഗമായി സ്ത്രീകളുടെ സംരക്ഷണത്തിനായി പൊരുതുന്ന ദീദി ദാമോദഗരനെ പരിഗണിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മറികടക്കാന്‍ ഒരുപക്ഷത്തിന്റെ വക്താവായി നില്‍ക്കുന്നവരെ കൊണ്ടുവന്നാല്‍ കഴിയില്ലെന്ന അഭിപ്രായം സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്നു. തുടര്‍ന്ന് നടിയും സംവിധായികയുമായ രേവതിയെയും പരിഗണിച്ചു. എന്നാല്‍ രേവതിയുടെ വിപുലമായ ബന്ധങ്ങള്‍ തിരിച്ചടിയാകുമെന്ന അഭിപ്രായമുണ്ടായി. രാജിവെച്ച രഞ്ജിത്തിന്റെ നോമിനിയായി അവര്‍ ചിത്രീകരിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ശാരദയോട് അഭിപ്രായം ചോദിച്ചുവെങ്കിലും കേരളത്തില്‍ തുടര്‍ച്ചയായി നില്ക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ അവരും നിരസിച്ചു.
മുന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാനും ഇപ്പോള്‍ കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനുമായ ഷാജി എന്‍.കരുണിന്റെ പേരും പരിഗണിച്ചു. എന്നാല്‍ തല്‍ക്കാലം കെ.എസ്.എഫ്.ഡി.സിയില്‍ നിന്നു പിന്മാറാനാകില്ലെന്നു ഷാജി അറിയിക്കുകയായിരുന്നു. ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനെ ചെയര്‍മാനായി നിയോഗിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും അദ്ദേഹവും വഴങ്ങിയില്ല. തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെ പേരും പരിഗണിച്ചെങ്കിലും അദ്ദേഹവും വഴങ്ങാനിടയില്ലെന്നാണ് സൂചന.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം തേടിയെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്. നാലു സിനിമകള്‍ ഏറ്റെടുത്തിട്ടുള്ളതിനാല്‍ ജോലിത്തിരക്കെന്ന കാരണമാണ് അദ്ദേഹം പറഞ്ഞത്. ഇതിനെല്ലാമൊടുവിലാണ് സിബി മലയില്‍, എം.എ.നിഷാദ് എന്നീ പേരുകളിലേക്ക് അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. സിനിമാരംഗത്ത് ഗ്രൂപ്പുകളുടെ ഭാഗമല്ലാതെ എല്ലാവര്‍ക്കും സ്വീകാര്യനായ, ചീത്തപ്പേരില്ലാത്ത വ്യക്തി എന്നതു തന്നെയാണ് ചെയര്‍മാന്‍ സ്ഥാനത്തിന് ഇപ്പോള്‍ പ്രധാന യോഗ്യതയായി സി.പി.എം. നിശ്ചയിച്ചിരിക്കുന്നത്.